
കൊച്ചി: പരിസ്ഥിതി പരിപാലനത്തിന് നൂതനാശയങ്ങളും മാതൃകകളും സമര്‍പ്പിച്ച മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ക്ലൈമത്തോണില്‍ വിജയികളായി.
സാങ്കേതികവിദ്യ ഉപയോഗിച്ച് പരിസ്ഥിതി പരിപാലനത്തില്‍ നൂതനാശയങ്ങള്‍ കൊണ്ടുവരാനും ഇവയെ വാണിജ്യസാധ്യതയുള്ള ഉത്പന്നമാക്കി മാറ്റുന്നതിനുള്ള സഹായങ്ങള്‍ നല്‍കാനും ലക്ഷ്യം വച്ചാണ് കെഎസ് യു എം, ഇവൈ ഗ്ലോബല്‍ ഡെലിവറി സര്‍വീസസ് എന്നിവ സംയുക്തമായി ക്ലൈമത്തോണ്‍ സംഘടിപ്പിച്ചത്.
ആദ്യ മൂന്ന് വിജയികള്‍ക്ക് അഞ്ച് ലക്ഷം വീതവും രണ്ടാമതെത്തുന്ന ഏഴ് ടീമുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, പ്രത്യേക ജൂറി പരാമര്‍ശത്തിന് ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ആകെ 30 ലക്ഷം രൂപയാണ് ക്ലൈമത്തോണില്‍ സമ്മാനമായി നല്‍കിയത്.
വനവത്കരണത്തിന് സഹായിക്കുന്ന വെബ് പ്ലാറ്റ്ഫോമാണ് ട്രീടാഗ് പ്രൈവറ്റ് ലിമിറ്റഡിനെ വിജയിയാക്കിയത്. തൈകളുടെ സംരക്ഷണം പരിപാലനം, എന്നിവ ആപ്പിന്‍റെ സഹായത്തോടു കൂടി നടത്താനും ഡ്രോണ്‍, സാറ്റ്ലൈറ്റ് എന്നിവ ഉപയോഗിച്ചുള്ള മാപ്പിംഗുമാണ് ഇവര്‍ പ്രദാനം ചെയ്യുന്നത്.
നാഷണല്‍ സര്‍വീസ് സ്കീം, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, തിരുവനന്തപുരത്തെ തണല്‍ എന്നിവ ഇവരുടെ ഉപഭോക്താക്കളാണ്.
ജൈവ മാലിന്യത്തില്‍ നിന്നും മീന്‍, കോഴിത്തീറ്റ എന്നിവ ഉണ്ടാക്കുന്നതാണ് രണ്ടാം സ്ഥാനം ലഭിച്ച സേവ ഇക്കോസിസ്റ്റംസിന്‍റെ ഉത്പന്നം. മാലിന്യത്തില്‍ നിന്ന് പുഴുക്കളെയും ഈച്ചകളെയും ഉണ്ടാക്കി അവയെ ഉണക്കി തീറ്റയായി മാറ്റുകയാണ് ചെയ്യുന്നത്.
വ്യാപമായി ഇത് നടപ്പാക്കിയാല്‍ ജൈവമാലിന്യ പ്രശ്നം ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നുമാണ് ഇവരുടെ വാദം.
പ്രകൃതിദത്ത മുളയില്‍ നിന്നും സോളാര്‍ മേല്‍ക്കൂരകള്‍ ഉണ്ടാക്കുകയാണ് വത്സ എനര്‍ജി. നൂറു ശതമാനം ചോര്‍ച്ചയില്ലാത്ത മേല്‍ക്കൂരകളാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. വാസ്തുഭംഗി നിലനിറുത്തിയും വലിയൊരളവു വരെ ചൂടു കുറച്ചും ഈ മേല്‍ക്കൂരകള്‍ പണിയാമെന്നതും മേന്മയാണ്.
വെട്ടിക്കളയുന്ന മുടിയിഴകള്‍ കൊണ്ട് ചെടികള്‍ക്ക് വളമുണ്ടാക്കാമെന്ന ആശയമാണ് ക്ലൈമത്തോണിലെ ഏറ്റവും മികച്ചതായി തെരഞ്ഞെടുത്തത്. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോബ് എന്ന സ്റ്റാര്‍ട്ടപ്പിന്‍റേതാണ് ഈ ആശയം.
പൊടി, ദ്രാവകം എന്നീ രൂപത്തിലാണ് വളം ഇറക്കുന്നത്. ഇതു കൂടാതെ മുടിയില്‍ നിന്ന് മെലാമിന്‍ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയും ഇവര്‍ നടത്തുന്നുണ്ട്. ജൂറിയുടെ പ്രത്യേക പരാമര്‍ശമടക്കം ഇവര്‍ക്ക് ലഭിച്ചു.
ഐക്യരാഷ്ട്രസഭയുടെ ഏഴ് സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ നിന്ന് 16 പ്രശ്നങ്ങളാണ് ക്ലൈമത്തോണില്‍ അവതരിപ്പിച്ചത്. ഇവയുടെ പരിഹാര നിര്‍ദ്ദേശമായി ദേശീയ തലത്തില്‍ നിന്ന് 174 ആശയങ്ങള്‍ ലഭിച്ചു.
നവംബര്‍ 26, 27 തിയതികളിലായി കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണില്‍ നടന്ന ക്ലൈമത്തോണില്‍ 22 വിദഗ്ധരാണ് വിവിധ വിഷയങ്ങളില്‍ സംസാരിച്ചത്. ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ സി ബാലഗോപാല്‍ ക്ലൈമത്തോണ്‍ ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, ഇവൈ ജിഡിഎസ് ഇന്ത്യ ലൊക്കേഷന്‍ ലീഡര്‍ റിച്ചാര്‍ഡ് ആന്‍റണി, ഗ്ലോബല്‍ ഓപറേഷന്‍സ് ലീഡര്‍ മുകുള്‍ പചീസിയ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ഇവൈ ജിഡിഎസ് (എംഇഎന്‍എ, ജപ്പാന്‍ ആന്‍ഡ് വേവ് സ്പേസ്) കോശി എം മാത്യു ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്ത് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.