
ന്യൂഡല്‍ഹി: അപൂര്‍വ് ഭൗമ മാഗ്നെറ്റ്് നിര്‍മ്മാതാക്കള്‍ക്ക് 1,345 കോടി രൂപയുടെ സബ്സിഡി കേന്ദ്രം ലഭ്യമാക്കും. ഇതിനായുള്ള പദ്ധതി ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ഘന വ്യവസായ, ഉരുക്ക് മന്ത്രി എച്ച്ഡി കുമാരസ്വാമി അറിയിച്ചു.
‘അപൂര്‍വ ഭൗമ കാന്തങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് 1,345 കോടി രൂപയുടെ സബ്സിഡി നല്‍കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. നിലവില്‍ ഇത് സംബന്ധിച്ച് മന്ത്രാലയങ്ങള്‍ തമ്മില്‍ കൂടിയാലോചനകളിലാണ്,’ കുമാരസ്വാമി പറഞ്ഞു.
അപൂര്‍വ എര്‍ത്ത് ഓക്‌സൈഡുകള്‍ മുതല്‍ കാന്തങ്ങള്‍ വരെ എന്‍ഡ്-ടു-എന്‍ഡ് പ്രോസസ്സിംഗ് നടത്തുന്ന നിര്‍മ്മാതാക്കള്‍ക്കായിരിക്കും സബ്‌സിഡി ലഭ്യമാക്കുക. സ്വകാര്യ കമ്പനികളും പൊതുമേഖലാ സംരംഭങ്ങളും ഒരുപോലെ പദ്ധതിയുടെ ഗുണഭോക്താക്കളാകും.
ഈ മേഖലയിലെ പ്രധാന സാന്നിധ്യമായ ചൈന അപൂര്‍വ ഭൗമ മൂലകങ്ങളുടേയും പൂര്‍ത്തിയായ കാന്തങ്ങളുടേയും കയറ്റുമതിയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കാനും യുഎസിലേയ്ക്ക് മറിച്ച് കയറ്റുമതി ചെയ്യാനുമുള്ള നീക്കം തടയുന്നതിന്റെ ഭാഗമായാണ് ചൈന കയറ്റുമതി നിയന്ത്രണമേര്‍പ്പെടുത്തിയത്.
ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പെര്‍മനന്റ് മാഗ്‌നറ്റ് സിന്‍ക്രണസ് മോട്ടോറുകളുടെ (പിഎംഎസ്എം) നിര്‍മ്മാണത്തിനാണ് അപൂര്‍വ എര്‍ത്ത് മാഗ്‌നറ്റുകള്‍ ഉപയോഗിക്കുന്നത്. ഹൈബ്രിഡ് മോഡലുകള്‍ പോലും കാര്യക്ഷമമായ പ്രൊപ്പല്‍ഷനായി അവയെ ആശ്രയിക്കുന്നു.