
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ സിഇഒയും എംഡിയുമായി നിയമിതയായിരിക്കയാണ് പ്രിയ നായര്‍. രോഹിത് ജാവയ്ക്ക് പകരം ഓഗസ്റ്റ് 1 മുതല്‍ പ്രിയ നായര്‍ കമ്പനിയെ നയിക്കും. എച്ച് യുഎല്‍ ഓഹരി വെള്ളിയാഴ്ച 5 ശതമാനം ഉയര്‍ന്ന് 2523.10 ല്‍ ട്രേഡ് ചെയ്തു.
എച്ച്യുഎല്ലിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന ശ്രമങ്ങളെ ത്വരിതപ്പെടുത്തുന്നതിനൊപ്പം, വര്‍ദ്ധിച്ചുവരുന്ന മത്സര വെല്ലുവിളികളെ നേരിടാന്‍ കമ്പനിയെ പ്രാപ്തമാക്കുക എന്നതായിരിക്കും പ്രിയാ നായരുടെ പ്രാഥമിക ചുമതല. എച്ച്യുഎല്ലിലെ ദീര്‍ഘകാല അനുഭവം ഇതിനവര്‍ക്ക് തുണയാകുമെന്ന് ജപ്പാനീസ് ബ്രോക്കറേജ് നോമൂറ വിലയിരുത്തുന്നു. നിലവില്‍ യൂണിലിവറിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ് പ്രിയ നായര്‍.
2014- 2020 കാലയളവില്‍ പ്രിയ നായരുടെ നേതൃത്വത്തില്‍ കമ്പനിയുടെ ഹോംകെയര്‍ വിഭാഗം മികച്ച ഇബിറ്റ മാര്‍ജിന്‍ നേടിയിരുന്നു. മാത്രമല്ല, എച്ച് യുഎല്ലിന്റെ പ്രീമിയമൈസേഷന് അവര്‍ നേതൃത്വം വഹിച്ചു.
ഗോള്‍ഡ്മാന്‍ സാക്സിന്റെ അഭിപ്രായത്തില്‍, എച്ച് യുഎല്ലിന്റെ വളര്‍ച്ച 2026 സാമ്പത്തിക വര്‍ഷത്തില്‍ മികച്ചതായിരിക്കും. പ്രതീക്ഷിച്ചതിലും കുറഞ്ഞ കാലാവധി മാത്രമുള്ള രോഹിത് ജാവയുടെ വിടവാങ്ങല്‍ അപ്രതീക്ഷിതമായിരുന്നുവെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയും ഇന്‍വെസ്റ്റെക്കും അഭിപ്രായപ്പെട്ടു. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മാതൃ സ്ഥാപനമായ യൂണിലിവറിന്റെ സിഇഒയെ മാറ്റിയതും ബ്രോക്കറേജുകള്‍ ചൂണ്ടിക്കാട്ടി. മുന്‍ സിഇഒ ഫെബ്രുവരിയില്‍ സ്ഥാനമൊഴിഞ്ഞിരുന്നു.
മാനേജ്മെന്റ് മാറ്റത്തെത്തുടര്‍ന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍, കോള്‍ഗേറ്റ് ഇന്ത്യ എന്നിവയുടെ ഓഹരികള്‍ നടത്തിയ റാലികള്‍ സിറ്റി റിസര്‍ച്ച് ചൂണ്ടിക്കാട്ടി.