
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് ചൊവ്വാഴ്ച തണുപ്പന്‍ തുടക്കം. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടരുകയാണ്. നിഫ്റ്റി 0.01 ശതമാനം മാത്രമയുര്‍ന്ന് 25,463 ലെവലിലും സെന്‍സെക്സ് 0.03 ശതമാനമുയര്‍ന്ന് 83,465 ലെവലിലും വ്യാപാരം തുടരുന്നു.
നിഫ്റ്റി സ്വകാര്യ ബാങ്ക് 0.9 ശതമാനവും നിഫ്റ്റി മെറ്റല്‍, ഐടി എന്നിവ 0.2 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം നിഫ്റ്റി ഫാര്‍മ 0.6 ശതമാനവും നിഫ്റ്റി റിയാലിറ്റി, ഓട്ടോ എന്നിവ യഥാക്രമം 0.4 ശതമാനവും 0.2 ശതമാനവും ഇടിവ് നേരിട്ടു. ബംഗ്ലാദേശിന് മേല്‍ യുഎസ് ഇറക്കുമതി തീരുവ ചുമത്തിയത് ഇന്ത്യന്‍ കമ്പനികളെ തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ ടെക്സ്റ്റൈല്‍ രംഗം നേട്ടമുണ്ടാക്കി. ഗോകല്‍ദാസ് എക്സ്പോര്‍ട്ട്സ് 6 ശതമാനവും അര്‍വിന്ദ് 4 ശതമാനവുമാണ് ഉയര്‍ന്നത്. തുണിത്തരങ്ങളാണ് ബംഗ്ലാദേശ് പ്രധാനമായും യുഎസിലേയ്ക്ക് കയറ്റി അയക്കുന്നത്.
കൊടക് ബാങ്ക്, എറ്റേര്‍ണല്‍, ടാറ്റ മോട്ടോഴ്സ്,ബിഇഎല്‍,അദാനി പോര്‍ട്ട്സ്,അള്‍ട്രാസിമന്റ് എന്നിവയാണ് നേട്ടം തുടരുന്ന മറ്റ് ഓഹരികള്‍. ബജാജ് ഫിനാന്‍സ്, ട്രെന്റ്, ടിസിഎസ്, ടാറ്റ സ്റ്റീല്‍, ഐടിസി,പവര്‍ഗ്രിഡ് എന്നിവ ഇടിവ് നേരിടുന്നു.
പ്രതിദിന ചാര്‍ട്ടില്‍ രൂപപ്പെട്ട ഡോജി കാന്‍ഡില്‍ സ്റ്റിക്ക് അനിശ്ചിതാവസ്ഥയെ സൂചിപ്പിക്കുന്നതായി പ്രോഗസീവ് ഷെയേഴ്സ് ഡയറക്ടര്‍ ആദിത്യ ഗഗ്ഗാര്‍ അറിയിച്ചു. 25380-25,580 ലെവലുകളായിരിക്കും ഇവിടെ നിര്‍ണ്ണായകം. ഇരുവശങ്ങളിലുമുണ്ടാകുന്ന ബ്രേക്ക്ഔട്ട് നിഫ്റ്റിയുടെ ഗതി നിര്‍ണ്ണയിക്കും.