
മുംബൈ: കാര്‍ഷികോത്പന്നങ്ങളിലെ അവധി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു. ഡെറിവേറ്റീവ് വ്യാപാരത്തിലെ വെല്ലുവിളികളും സാധ്യതകളും പരിശോധിക്കുകയാണ് ലക്ഷ്യം. കര്‍ഷകരെ മാര്‍ക്കറ്റുമായി ബന്ധിപ്പിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഇത്.
ഈ ദിശയില്‍ കാര്യമായ നടപടികളുണ്ടായിട്ടും കാര്‍ഷികോത്പന്നങ്ങളിലെ ഡെറിവേറ്റീവ് വ്യാപാരം കുറഞ്ഞുവരികയാണ്. സെബി രൂപീകരിക്കുന്ന വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ഇക്കാര്യം പരിശോധിക്കും. ഇതില്‍ ഒരു ഗ്രൂപ്പ് എക്‌സ്‌ചേഞ്ചുകള്‍, ബ്രോക്കര്‍മാര്‍, നിക്ഷേപകര്‍ എന്നിവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ രണ്ടാമത്തെ ഗ്രൂപ്പ് കാര്‍ഷിക സംഘടനകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും.
ഇത് സംബന്ധിച്ച് സെബി ചെയര്‍മാന്‍ തുഹിന്‍ കന്ത പാണ്ഡേ കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തി. കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകള്‍, ബ്രോക്കര്‍മാര്‍, കമ്മോഡിറ്റി പാര്‍ട്ടിസിപ്പന്റ്‌സ്, കാര്‍ഷികോത്പന്ന സ്ഥാപനങ്ങള്‍ എന്നിവ ചര്‍ച്ചയില്‍ പങ്കുകൊണ്ടു.
കാര്‍ഷികോത്പന്നങ്ങള്‍, ലോഹങ്ങള്‍ എന്നിവയക്ക് പുറമെ കൂടുതല്‍ സാധ്യത ഡെറിവേറ്റീവ് കമ്മോഡിറ്റി വ്യാപാരത്തിനുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. സിമന്റ്, തടി, ബിറ്റുമന്‍,ഡീസല്‍,പെട്രോള്‍,കല്‍ക്കരി, സ്‌പോഞ്ജ് ഇരുമ്പ്, ഇരുമ്പ് അയിര്, ചരക്ക് സേവനങ്ങള്‍ എന്നിവയ്‌ക്കൊന്നും വേണ്ടത്ര നിക്ഷേപ പിന്തുണ നേടാനായിട്ടില്ല. നിക്ഷേപകരുടെ അജ്ഞതയാണ് ഈ കമ്മോഡിറ്റികള്‍ അവഗണിക്കപ്പെടുന്നതിന് പിന്നിലെന്ന് വിദഗ്ധര്‍ പറയുന്നു.