
മുംബൈ: മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ ചൊവ്വാഴ്ച കനത്ത തിരിച്ചടി നേരിട്ടു. ഇരു സൂചികകളും ഏകദേശം 1 ശതമാനമാണ് താഴ്ന്നത്. ഇത് തുടര്‍ച്ചയായ മൂന്നാമത്തെ സെഷനിലാണ് നിഫ്റ്റി മിഡ്ക്യാപ് സൂചിക മോശം പ്രകടനം നടത്തുന്നത്.
നിഫ്റ്റി സ്മോള്‍ക്യാപ് സൂചിക രണ്ടാം ദിവസവും നഷ്ടത്തിലായി. ജെയ്ന്‍ സ്്ട്രീറ്റിനെതിരായ സെബി നടപടി കാപിറ്റല്‍ മാര്‍ക്കറ്റ് ഓഹരികളെ ബാധിച്ചതാണ് സ്്മോള്‍ ക്യാപ്പ് സൂചികയെ ദുര്‍ബലമാക്കിയത്. എയ്ഞ്ചല്‍ വണ്‍, എംസിഎക്സ് എന്നിവ 6 ശതമാനത്തോളം ഇടിവ് നേരിട്ടു.
സിഡിഎസ്എല്ലിന്റെ ഇടിവ് 2 ശതമാനത്തിലൊതുങ്ങി. മിഡ് ക്യാപ്പില്‍ ബിഎസ്ഇയാണ് വലിയ തിരിച്ചടി നേരിട്ടത്. 6 ശതമാനമായിരുന്നു തകര്‍ച്ച. ലിങ്ക് ഓപ്ഷനുകളും ക്യാഷ് എക്സ്പോഷറും ബന്ധിപ്പിക്കുന്നത് സെബി ബോര്‍ഡ് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ തകര്‍ച്ചയുടെ ആക്കം കൂടി. നീക്കം ക്യാഷ് മാര്‍ക്കറ്റ് ലിക്വിഡിറ്റി വര്‍ദ്ധിപ്പിക്കാനും ഓപ്ഷന് ലിക്വിഡിറ്റി കുറയ്ക്കാന്‍ സാധ്യതയുണ്ട്.
ഫാര്‍മ സ്റ്റോക്കുകളിലെ ഇടിവും വിശാല വിപണിയെ ബാധിച്ചു. 14 ഓളം രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മേല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച ട്രമ്പ് നടപടിയാണ് ഫാര്‍മ ഓഹരികളെ ബാധിച്ചത്. ഇതോടെ ഇത്തരത്തില്‍ ഇന്ത്യന്‍ ഫാര്‍മ ഉത്പന്നങ്ങള്‍ക്കും ഇറക്കുമതി ചുങ്കം വരാനുള്ള സാധ്യതയേറി.
ഔര്‍ബിന്ദോ ഫാര്‍മ,ലുപിന്‍ ആല്‍ക്കം എന്നിവ 4 ശതമാനമാണ് ഇടിഞ്ഞത്. മക്വാറി ഔര്‍ബിന്ദോ ഫാര്‍മയുടെ റേറ്റിംഗ് ഔട്ട്പെര്‍ഫോമില്‍ നിന്നും അണ്ടര്പെര്ഫോമാക്കി താഴ്ത്തിയിട്ടുണ്ട്.