
മുംബൈ: ബെംഗളൂരു ആസ്ഥാനമായ ആന്‍തം ബയോസയന്‍സ് ഐപിഒ ജൂലൈ 14 ന് ആരംഭിച്ച് 16 ന് സമാപിക്കും. ഐപിഒയ്ക്ക് മുന്നോടിയായി അങ്കര്‍ നിക്ഷേപകരില്‍ നിന്നും 1016 കോടി രൂപ സമാഹരിക്കാന്‍ കമ്പനിയ്ക്ക് സാധിച്ചു. ഓഹരിയൊന്നിന് 570 രൂപ നിരക്കില്‍ 1.78 കോടി ഇക്വിറ്റി ഓഹരികളാണ് കമ്പനി ആങ്കര്‍ നിക്ഷേപകര്‍ക്ക് അലോട്ട് ചെയ്തത്.
അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍, ഈസ്റ്റ്സ്പ്രിംഗ് ഇന്‍വെസ്റ്റ്മെന്റ്സ്, അമുണ്ടി ഫണ്ട്സ്, ഒപ്റ്റിമിക്സ് ഹോള്‍സെയില്‍ ഗ്ലോബല്‍ എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഷെയര്‍ ട്രസ്റ്റ്, പൈന്‍ബ്രിഡ്ജ് ഗ്ലോബല്‍ ഫണ്ട്സ്, സൊസൈറ്റി ജനറലെ തുടങ്ങിയവയാണ് നിക്ഷേപം നടത്തിയ പ്രമുഖ ആഗോള നിക്ഷേപകര്‍.
എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എഎംസി, കൊട്ടക് മഹീന്ദ്ര ട്രസ്റ്റി, നിപ്പോണ്‍ ലൈഫ് ഇന്ത്യ ട്രസ്റ്റി, ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി, ആക്‌സിസ് മ്യൂച്വല്‍ ഫണ്ട്, വൈറ്റ്ഓക്ക് കാപ്പിറ്റല്‍ മ്യൂച്വല്‍ ഫണ്ട്, ഫ്രാങ്ക്‌ലിന്‍, മിറേ അസറ്റ്, യുടിഐ എംഎഫ്, മോട്ടിലാല്‍ ഓസ്വാള്‍ എംഎഫ്, ക്വാണ്ട് മ്യൂച്വല്‍ ഫണ്ട്, എഡല്‍വീസ് ട്രസ്റ്റിഷിപ്പ്, ബന്ധന്‍ മ്യൂച്വല്‍ ഫണ്ട് എന്നിവയുള്‍പ്പെടെ നിരവധി അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ ആങ്കര്‍ ബുക്ക് വഴി ഏകദേശം 604.4 കോടി രൂപ നിക്ഷേപിച്ചു.
‘ആങ്കര്‍ നിക്ഷേപകര്‍ക്ക് അനുവദിച്ച 1.78 കോടി ഓഹരികളില്‍ 1.06 കോടി ഓഹരികള്‍ (ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള മൊത്തം വിഹിതത്തിന്റെ 59.5 ശതമാനം) 318 ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നല്‍കി’ കമ്പനി അറിയിക്കുന്നു. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ആക്‌സിസ് മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഇന്‍ഷുറന്‍സ് കമ്പനികളും ആങ്കര്‍ ബുക്കില്‍ പങ്കെടുത്തു.
ഐപിഒ വഴി 3395 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. നിലവിലെ ഓഹരിയുടമകളായ വിരിഡിറ്റി ടോണ്‍, പോര്‍ട്ട്‌സ്മൗത്ത് ടെക്‌നോളജീസ് എന്നിവ ഓഫര്‍ ഫോര്‍ സെയില്‍ വഴി ഓഹരികള്‍ വിറ്റഴിക്കും. ആന്‍തം ബയോസയന്‍സസ് ഒരു കരാര്‍ ഗവേഷണ, വികസന, നിര്‍മ്മാണ സ്ഥാപനമാണ് (CRDMO). മരുന്നുകള്‍ വികസിപ്പിക്കല്‍, വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം എന്നിവ നിര്‍വഹിക്കുന്ന ഇന്ത്യയിലെ അപൂര്‍വ സ്ഥാപനങ്ങളിലൊന്ന്.