
മുംബൈ: കോവിഡാനന്തരം ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ ക്യാഷ് റിസര്‍വുകള്‍ സൂക്ഷിക്കാനാരംഭിച്ചുവെന്നും കടം കുറച്ചുവെന്നും റിപ്പോര്‍ട്ട്. ബിഎസ്ഇ 500 ലെ 300 കമ്പനികളുടെ (ബാങ്കിംഗ്, സാമ്പത്തിക സേവന കമ്പനികള്‍ ഒഴികെ) ക്യാഷ് റിസര്‍വ് കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ കടത്തിന്റെ ഇരട്ടിയായി. ഇത് കമ്പനികളുടെ സാമ്പത്തിക പദ്ധതികളിലെ മാറ്റത്തെക്കുറിക്കുന്നു.
ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ കാഷ് ബാലന്‍സ് 10.43 ശതമാനം സിഎജിആറില്‍ വളര്‍ന്നപ്പോള്‍ കടത്തിന്റെ ഉയര്‍ച്ച 5.57 ശതമാനം സിഎജിആറിലാണ്. പോസിറ്റീവ് അല്ലെങ്കില്‍ പൂജ്യം കടങ്ങളുള്ള കമ്പനികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
2025 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് 343 കമ്പനികളുടെ ആകെ കടം 34.64 ട്രില്യണ്‍ രൂപയായിരുന്നു. അതേസമയം അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ 5.1 ട്രില്യണ്‍ രൂപ പണമുണ്ട്. 2020 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ഈ കമ്പനികളുടെ ആകെ കടം 26.4 ട്രില്യണ്‍ രൂപയും കാഷ് ബാലന്‍സ് 3.1 ട്രില്യണ്‍ രൂപയുമായിരുന്നു.
ഉയര്‍ന്ന പലിശ നിരക്കുകള്‍, വിതരണ ശൃംഖല പുനഃക്രമീകരണം, താരിഫ് യുദ്ധങ്ങള്‍, ഭൗമരാഷ്ട്രീയ തടസ്സങ്ങള്‍ എന്നിവ കാരണമുണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങളുമായി ബിസിനസുകള്‍ മല്ലിടുന്ന സമയത്താണ് കൂടുതല്‍ പണ കരുതല്‍ ശേഖരം കെട്ടിപ്പടുക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ ശ്രമിക്കുന്നത്. റഷ്യ-ഉക്രെയ്ന് സംഘര്‍ഷം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം എന്നിവയുടെ പശ്ചാത്തലത്തില്‍ ലിക്വിഡിറ്റി നിലനിര്‍ത്തുന്നതിനും റിസ്ക്ക് കുറയ്ക്കുന്നതിനുമായി ബിസിനസുകള്‍ സമ്മര്‍ദ്ദത്തിലാണ്.
ആഗോളതലത്തിലും ആഭ്യന്തരമായും ഉണ്ടാകുന്ന മാക്രോ ഇക്കണോമിക് മാറ്റങ്ങളുടെ ഫലമായി ഇന്ത്യന്‍ കമ്പനികളില്‍ സാമ്പത്തിക യാഥാസ്ഥിതികത വര്‍ധിച്ചുവരികയാണ്, അനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. ക്യാഷ് ബഫറുകളുണ്ടാക്കി വരും കാല അനിശ്ചിതാവസ്ഥയെ ചെറുക്കുകയും റിസ്ക്ക് എടുക്കാതിരിക്കുകയും ചെയ്യുന്നത് ഇതിന്റെ തെളിവാണ്. അതേസമയം നിക്ഷേപം നടത്താനുള്ള വൈമുഖ്യം രാജ്യത്തിന്റെ മൊത്തം സമ്പദ് വ്യവസ്ഥയെ ബാധിച്ചേക്കാം.