സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

കേരളത്തിൽ തീവണ്ടികളുടെ വേഗം 130 കി.മീറ്ററിലേക്ക്

ചെന്നൈ: കേരളത്തിൽ തീവണ്ടികളുടെ വേഗം മണിക്കൂറിൽ 130 കിലോമീറ്ററിലേക്ക് വർധിപ്പിക്കാനുള്ള നിർമാണപ്രവർത്തനങ്ങൾ 2026-ൽ പൂർത്തിയാകും. മംഗളൂരു-ഷൊർണൂർ റൂട്ടിൽ 2025-ലും ഷൊർണൂർ-തിരുവനന്തപുരം റൂട്ടിൽ (ആലപ്പുഴ വഴി) 2026-ലും പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. തിരുവനന്തപുരം-കോട്ടയം റൂട്ടിലെ വേഗം എപ്പോൾ 130 കിലോമീറ്ററാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

പാളം മാറ്റിസ്ഥാപിക്കുക, വളവുകൾ ഇല്ലാതാക്കൽ, പാലങ്ങൾ ബലപ്പെടുത്തൽ, ഒട്ടോമാറ്റിങ് സിഗ്‌നലിങ് സംവിധാനം നവീകരിക്കൽ, വൈദ്യുതലൈനുകളിലെ അറ്റകുറ്റപ്പണി, കൂടുതൽ യാത്രക്കാർ പാളംമുറിച്ചുകടക്കുന്ന ഭാഗങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
മംഗളൂരു-ഷൊർണൂർഭാഗത്ത് 110 കിലോമീറ്റർ വേഗത്തിലും ഷൊർണൂർ-പോത്തന്നൂർ റൂട്ടിൽ 90 കിലോമീറ്റർ വേഗത്തിലുമാണിപ്പോൾ തീവണ്ടികൾ സർവീസ് നടത്തുന്നത്. ഈ റൂട്ടുകളിൽ 2025 മാർച്ചോടെയാണ് വേഗം 130 കിലോമീറ്ററാക്കുക.

തിരുവനന്തപുരം-ഷൊർണൂർ റൂട്ടിൽ ഘട്ടംഘട്ടമായാണ് വേഗം വർധിപ്പിക്കുക. തിരുവനന്തപുരം-കായംകുളം റൂട്ടിൽ വേഗം 100-ൽനിന്ന് 110 കിലോമീറ്ററായും കായംകുളം-തൂറവൂർ റൂട്ടിൽ 90-ൽനിന്ന് 110 കിലോമീറ്ററായും എറണാകുളം-ഷൊർണൂർ റൂട്ടിൽ 80 കിലോമീറ്ററിൽനിന്ന് 90 കിലോമീറ്ററായും ആദ്യഘട്ടത്തിൽ വർധിപ്പിക്കും. തുടർന്ന് 130 കിലോമീറ്ററാക്കും.

കേരളത്തിൽ തീവണ്ടികളുടെ വേഗംകൂട്ടാനുള്ള പണി ആരംഭിച്ചത് 2022 ഏപ്രിലിലാണ്. പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തനം.
അതേസമയം, മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് (കോട്ടയം വഴിയും ആലപ്പുഴ വഴിയും) തീവണ്ടികളുടെ വേഗം മണിക്കൂറിൽ 130 മുതൽ 160 കിലോമീറ്ററായി വർധിപ്പിക്കാനുള്ള സാധ്യതാപഠനം നടത്തിവരികയാണെന്നും ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. സാധ്യതാപഠനം ഈ വർഷം ഡിസംബറിൽ പൂർത്തിയാകുമെന്നാണ് കരുതുന്നതെന്നും അറിയിച്ചു.

X
Top