കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

തിരുവനന്തപുരം മെട്രോയ്ക്ക് 11,000 കോടി രൂപ ചെലവ് വരുമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: തലസ്ഥാനത്തെ മെട്രോ പദ്ധതിക്ക് 11000 കോടി രൂപ ചെലവ് വരുമെന്ന് പ്രാഥമിക വിലയിരുത്തൽ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെ.എം.ആർ.എൽ.) സർക്കാരിനു സമർപ്പിച്ച പ്രാഥമിക പദ്ധതിരേഖയിലാണ് ചെലവുൾപ്പെടെ വിശദമായ വിവരങ്ങൾ ഉള്ളത്.

ഇത് സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചശേഷമായിരിക്കും അന്തിമ ഡി.പി.ആർ. കെ.എം.ആർ.എൽ. സർക്കാരിനു സമർപ്പിക്കുക. പള്ളിപ്പുറം ടെക്നോസിറ്റി മുതൽ കരമന, കൈമനം വഴി പള്ളിച്ചൽ വരെ 27.4 കിലോമീറ്റർ ദൂരത്തിലാണ് ഒന്നാംഘട്ടം വിഭാവനം ചെയ്തിരിക്കുന്നത്.

കഴക്കൂട്ടം, ടെക്നോപാർക്ക്, ലുലുമാൾ, ചാക്ക, ഈഞ്ചയ്ക്കൽ വഴി കിള്ളിപ്പാലം വരെ 14.7 കിലോമീറ്റർ രണ്ടാം ഘട്ടത്തിലും നടപ്പാക്കും.

ഒന്നാംഘട്ടത്തിന് 7500 കോടി രൂപയും രണ്ടാം ഘട്ടത്തിന് 4000 കോടി രൂപയുമാണ് നിർമാണച്ചെലവായി പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.

നിർമാണ പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള ആകെ തുകയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന പദ്ധതിരേഖയിൽ പറഞ്ഞിരിക്കുന്നത്.

കെ.എം.ആർ.എല്ലിനു വേണ്ടി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ്(ഡി.എം.ആർ.സി.) പദ്ധതിരേഖ തയ്യാറാക്കിയത്. കഴക്കൂട്ടത്തും കിള്ളിപ്പാലത്തുമായിരിക്കും മെട്രോയുടെ ടെർമിനൽ സ്റ്റേഷനുകൾ പ്രവർത്തിക്കുക.

ഒന്നാം ഘട്ടത്തിലെ പ്രദേശങ്ങളിൽ മേൽപ്പാലത്തിലൂടെ നിർമിക്കുന്ന മെട്രോ രണ്ടാം ഘട്ടത്തിലെത്തുമ്പോൾ ചിലയിടങ്ങളിൽ ഭൂഗർഭ പാതയിലൂടെയായിരിക്കും സഞ്ചരിക്കുക. ഇതിന്റെ സാധ്യതാ പഠനവും പൂർത്തിയായിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രാഥമിക ഡി.പി.ആർ. സർക്കാരിനു സമർപ്പിച്ചത്. തലസ്ഥാനത്തെ മെട്രോയ്ക്ക് കേന്ദ്ര പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൊച്ചി മെട്രോയുടെ മാതൃകയിലുള്ള മീഡിയം മെട്രോയാണ് തലസ്ഥാനത്തും നടപ്പാക്കുന്നത്.

2012-ലാണ് തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി വിഭാവനംചെയ്തത്. 2014-ൽ ഡി.എം.ആർ.സി. പദ്ധതിയുടെ ആദ്യ രൂപരേഖയും സമർപ്പിച്ചിരുന്നു.

പള്ളിപ്പുറം മുതൽ കൈമനംവരെ ആദ്യ ഘട്ടത്തിലും കൈമനം മുതൽ നെയ്യാറ്റിൻകരവരെ രണ്ടാംഘട്ടത്തിലും നടപ്പാക്കാമെന്നായിരുന്നു പഠന റിപ്പോർട്ട്. 4219 കോടി രൂപയായിയിരുന്നു ചെലവ് കണക്കാക്കിയത്. പിന്നീട് പദ്ധതിയുടെ നടത്തിപ്പ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനു നൽകുകയായിരുന്നു.

നേരത്തെ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാനായിരുന്നു ആലോചിച്ചിരുന്നത്. കെ.എം.ആർ.എൽ. പിന്നീട് ഓൾട്ടർനേറ്റീവ് ട്രാൻസ്പോർട്ട് അനാലിസിസ് പഠനം നടത്തിയാണ് മീഡിയം മെട്രോയാണ് തിരുവനന്തപുരത്തിനും അനുയോജ്യമാണെന്നു കണ്ടെത്തിയത്.

X
Top