
ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ സാറ്റലൈറ്റ് ടെലിവിഷന്‍ ബിസിനസ്സായ ടാറ്റ പ്ലേ (മുന്‍പ് ടാറ്റ സ്‌കൈ) പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) ഒരുങ്ങുന്നു. ഇതിനായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) ഈ മാസം അവസാനം സെബിയ്ക്ക് മുന്‍പാകെ സമര്‍പ്പിക്കുമെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുറഞ്ഞത് 300-400 മില്യണ്‍ ഡോളറിന്റെ പരിധിയിലായിരിക്കും പൊതു ഓഫര്‍.
നിക്ഷേപകരായ ടെമാസെക്കും ടാറ്റ കാപ്പിറ്റലും കമ്പനിയിലെ തങ്ങളുടെ ഓഹരികളുടെ ഒരു ഭാഗം വിറ്റഴിക്കും. പ്രവര്‍ത്തനങ്ങള്‍ക്കായി ഫ്രഷ് ഇഷ്യു നടത്താനും പദ്ധതിയിടുന്നു. ഡയറക്ട്ടുഹോം (ഡിടിഎച്ച്) കമ്പനിയായ ടാറ്റ സ്‌കൈ, ടെലിവിഷന്‍കംഒടിടി (ഓവര്‍ദിടോപ്പ്) ഓഫറുകള്‍ വിപുലീകരിക്കുന്നതിനായി ടാറ്റ പ്ലേ എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ബിഞ്ച് പാക്കെന്ന പേരില്‍ നെറ്റ്ഫഌക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ എന്നിവയുള്‍പ്പെടുന്ന 13 ഒടിടി പ്ലാറ്റ്‌ഫോമുകളെ സേവനങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
2004ല്‍ സംയുക്ത സംരംഭമായി ആരംഭിച്ച കമ്പനിയാണ് ടാറ്റ സ്‌ക്കൈ. ടാറ്റ സണ്‍സും(70 ശതമാനം ഓഹരി) റൂപര്‍ട്ട് മര്‍ഡോക്കും (30 ശതമാനം) ആയിരുന്നു ഉടമസ്ഥര്‍. പിന്നീട് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ടെമാസെക് ഹോള്‍ഡിംഗ്‌സ് ടാറ്റ സണ്‍സില്‍ നിന്നും 10 ശതമാനം ഓഹരി വാങ്ങി. 2019 ല്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ട്വന്റിഫസ്റ്റ് സെഞ്ച്വറി ഫോക്‌സിനെ വാള്‍ട്ട് ഡിസ്‌നി ഏറ്റെടുക്കുകയും ചെയ്തു.
68.6 കോടി രൂപയാണ് 2022 സാമ്പത്തികവര്‍ഷത്തില്‍ രേഖപ്പെടുത്തിയ ലാഭം.