മുംബൈ: ആപ്പിൾ ഫോണുകളുടെ വിതരണം ശക്തിപ്പെടുത്താൻ തന്ത്രപരമായി നീക്കം നടത്തി ടാറ്റ ഇലക്ട്രോണിക്സ്.
കരാർ നിർമാതാക്കളായ തായ് വാൻ കമ്പനി പെഗാട്രോണിന്റെ ഇന്ത്യയിലെ ഏക ഐഫോണ്‍ പ്ലാന്റിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങാൻ ടാറ്റ ഇലക്ട്രോണിക്സ് സമ്മതിച്ചതായി പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കമ്പനിയുമായി അടുത്ത വൃത്തങ്ങൾ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി.
കരാർ പ്രകാരം, ടാറ്റ 60 ശതമാനം ഓഹരി കൈവശം വയ്ക്കുകയും സംയുക്ത സംരംഭത്തിന് കീഴിൽ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. 40 ശതമാനം ഓഹരിയുള്ള പെഗാട്രോണ്‍ സാങ്കേതിക പിന്തുണ നൽകും. ഇടപാടിന്റെ സാമ്പത്തിക വശങ്ങളെക്കുറിച്ച് ഇവർ വെളിപ്പെടുത്തിയില്ല.
ഇക്കാര്യത്തെക്കുറിച്ച് ടാറ്റയിൽനിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. അതേസമയം ആപ്പിളും പെഗാട്രോണും റോയിട്ടേഴ്സിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഇടപാട് പൂർത്തിയായ കാര്യം വെള്ളിയാഴ്ച പ്ലാന്റിൽവച്ച് ജീവനക്കാർക്കു മുന്പിൽ പ്രഖ്യാപിച്ചു.
ഇടപാട് പൂർത്തിയാക്കുന്നതിന് വരും ദിവസങ്ങളിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അനുമതി തേടാനാണ് കന്പനികളുടെ പദ്ധതി. പെഗാട്രോണിന് ആപ്പിളിന്റെ പിന്തുണയുണ്ടെന്നും ഇന്ത്യയിലെ ഏക ഐഫോണ്‍ പ്ലാന്റ് ടാറ്റയ്ക്ക് വിൽക്കാൻ വിപുലമായ ചർച്ചകൾ നടത്തുന്നുണ്ടെന്നും ഏപ്രിലിൽ റോയിട്ടേഴ്സ് ആദ്യമായി റിപ്പോർട്ട് ചെയ്തു.
ബെയ്ജിംഗും വാഷിംഗ്ടണും തമ്മിലുള്ള ഭൗമ-രാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടയിൽ ആപ്പിൾ ചൈനയ്ക്കപ്പുറം വിതരണ ശൃംഖല വിപുലീകരിക്കാൻ കൂടുതൽ ശ്രമിക്കുന്നു. ഈ വർഷം ഇന്ത്യയിൽനിന്ന് 20 മുതൽ 25 ശതമാനം വരെ ഐ ഫോണുകളുടെ കയറ്റുമതി ഉണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ വർഷം 12 മുതൽ 14 ശതമാനം കയറ്റുമതിയാണ് നടത്തിയത്.