ചെന്നൈ: 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മൊത്തം നിക്ഷേപത്തിൽ 21 ശതമാനം വർധനയുണ്ടായതായി സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ പ്രസ്താവിച്ചു. വായ്പ ദാതാവ് പുറത്തുവിട്ട കഴിഞ്ഞ ഒന്നാം പാദത്തിലെ താൽക്കാലിക കണക്കുകൾ പ്രകാരം 2022 ജൂൺ 30 വരെയുള്ള മൊത്തം നിക്ഷേപം 4,020 കോടി രൂപയാണ്. സംഖ്യകൾ തുടർച്ചയായി നാല് ശതമാനത്തിന്റെ കുതിപ്പ് അടയാളപ്പെടുത്തുന്നതായി ബാങ്ക് കൂട്ടിച്ചേർത്തു. മൊത്തം നിക്ഷേപങ്ങളിൽ റീട്ടെയിൽ നിക്ഷേപം 11 ശതമാനം വർധിച്ച് 3,167 കോടി രൂപയായപ്പോൾ, ബൾക്ക് ഡെപ്പോസിറ്റുകൾ 54 ശതമാനം ഉയർന്ന് 726 കോടി രൂപയായി. അതേസമയം മുൻ പാദത്തിലെ 270 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 127 കോടി രൂപയായിരുന്നു പ്രസ്തുത പാദത്തിലെ ക്യാഷ് ഡെപ്പോസിറ്റ്.
2023 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ ബാങ്കിന്റെ മൊത്തം അഡ്വാൻസുകൾ 5,064 കോടി രൂപയായിരുന്നു, ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 28 ശതമാനം കൂടുതലാണ്. എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പുറത്തുവിട്ട താൽക്കാലിക കണക്കുകൾ പ്രകാരം ബാങ്കിന്റെ വിതരണം 181 ശതമാനം വർധിച്ച് 1,012 കോടി രൂപയായി ഉയർന്നു. ഈ കാലയളവിലെ കാസ അല്ലെങ്കിൽ കറന്റ് അക്കൗണ്ട്-സേവിംഗ് അക്കൗണ്ട് അനുപാതം 21 ശതമാനമായിരുന്നു.
സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരികൾ ബിഎസ്‌ഇയിൽ 4.43 ശതമാനം ഉയർന്ന് 88 രൂപയിലെത്തി.