തിരുവനന്തപുരം: തിരഞ്ഞെടുപ്പിനുമുമ്പ് ക്ഷേമപെൻഷൻ കൊടുക്കാൻ സർക്കാരിന്റെ നെട്ടോട്ടം. കുടിശ്ശികയായ പെൻഷന്റെ ഒരു ഭാഗമെങ്കിലും കൊടുക്കാനാണ് ശ്രമം.
തിരഞ്ഞെടുപ്പുഘട്ടത്തിൽ കുടിശ്ശിക തുടരുന്നത് സർക്കാരിനെതിരായ വികാരമുണ്ടാക്കുമെന്ന് എൽ.ഡി.എഫ്. യോഗത്തിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. കൊടുത്തുതീർക്കാനാണ് ശ്രമിക്കുന്നതെന്നും അതിനുള്ള നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
കേന്ദ്രസർക്കാരിൽനിന്ന് അർഹമായ സാമ്പത്തികസഹായം ലഭിക്കാത്തതും കടമെടുക്കാൻ അനുവദിക്കാത്തതുമാണ് ക്ഷേമപെൻഷനടക്കമുള്ള എല്ലാ സാമ്പത്തിക സഹായങ്ങളും മുടങ്ങാൻ കാരണമെന്നാണ് സർക്കാരിന്റെയും എൽ.ഡി.എഫിന്റെയും വിശദീകരണം.
കേന്ദ്രസർക്കാരിനെതിരേ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാനസർക്കാരിന് 13,000 കോടിരൂപ കടമെടുക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെൻഷന്റെ ഒരുഭാഗം കൊടുക്കാനായാൽ കേന്ദ്രത്തിനെതിരേ ഉയർത്തിയ വാദത്തിന് കൂടുതൽ ജനവിശ്വാസം ലഭിക്കുമെന്നും ഇടതുനേതാക്കൾ വിലയിരുത്തുന്നു.
13,000 കോടി ലഭിച്ചാലും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി നേരേയാവില്ല. അതിനാൽ, പെൻഷൻ കൊടുക്കാൻ വേറെ പണം കണ്ടെത്തണം. സഹകരണബാങ്കുകളിൽനിന്ന് ഫണ്ട് ശേഖരിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരിക്കയാണ്.
പണം നൽകാൻ സി.പി.എം. നിയന്ത്രണത്തിലുള്ള ബാങ്കുകൾക്കുമേൽ കടുത്ത സമ്മർദമുണ്ട്. സഹകരണബോർഡുകളിലെ നിക്ഷേപം ട്രഷറിയിലേക്ക് മാറ്റാനുള്ള ശ്രമവും തുടരുകയാണ്.
ഇതെല്ലാം ലഭിച്ചാൽ രണ്ടുമാസത്തെ ക്ഷേമപെൻഷൻ തിരഞ്ഞെടുപ്പിനു മുമ്പ് കൊടുക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ.