
ന്യൂഡല്‍ഹി: നികുതി പോര്‍ട്ടലായ ടാക്‌സ് ബഡ്ഡിയുടെ മാതൃകമ്പനി എസ്എസ്ബിഎ ഇനവേഷന്‍സ് പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) വഴി 105 കോടി രൂപ സമാഹരിക്കുന്നു. ഇതിനായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രൊസ്‌പെക്ടസ് (ഡിആര്‍എച്ച്പി) കമ്പനി സെബിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചു. ഇഷ്യൂവില്‍ നിന്ന് ലഭിക്കുന്ന 65.45 കോടി രൂപ ഉപഭോക്തൃ ഏറ്റെടുക്കലിനും ബിസിനസ്സ് വികസനത്തിനുമായി ചെലവഴിക്കും.
15.22 കോടി സാങ്കേതിക വികസനത്തിനും ബാക്കി തുക പൊതു കോര്‍പ്പറേറ്റ് ആവശ്യത്തിനുമായി വിനിയോഗിക്കാനാണ് പദ്ധതി. പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തികളേയും സ്ഥാപനങ്ങളേയും നികുതി ആസൂത്രണം, ഫയലിംഗ്, വ്യക്തിഗത നിക്ഷേപം, സമ്പത്ത് നിര്‍മ്മാണം എന്നിവ നിര്‍വഹിക്കാന്‍ പ്രാപ്തമാക്കുകയാണ് കമ്പനി ചെയ്യുന്നത്. 2017 ല്‍ രൂപം കൊണ്ട എസ്എസ്ബിഎയ്ക്ക് കീഴില്‍ രണ്ട് പ്ലാറ്റ് ഫോമുകളാണുള്ളത്.
ടാക്‌സ്ബഡ്ഡിയും ഫിന്‍ബിന്‍ഗോയും. നികുതി ഫയലിംഗ് (വരുമാനനികുതിയും ജിഎസ്ടിയും), ആസൂത്രണം, കണ്‍സള്‍ട്ടിംഗ്, ഐടി നോട്ടീസ് മാനേജ്‌മെന്റ് എന്നിവ വാഗ്ദാനം ചെയ്യുന്ന ടാക്‌സ്ബഡ്ഡി, 2019 മുതല്‍ സേവനങ്ങള്‍ നല്‍കിവരുന്നു. ആസൂത്രണം, ഉപദേശം, സമ്പത്ത് മാനേജ്‌മെന്റ് എന്നീ സാമ്പത്തിക പരിഹാരങ്ങള്‍ നല്‍കുന്ന ഫിന്‍ബിംഗോ 2022 മെയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. സാങ്കേതിക,വിദ്യാഭ്യാസാധിഷ്ഠിത,സാമ്പത്തിക പരിഹാര, സേവന ദാതാക്കളാണ് ഇരു പ്ലാറ്റ്‌ഫോമുകളും.
സിസ്റ്റമാറ്റിക്‌സ് കോര്‍പറേറ്റ് സര്‍വീസസാണ് ഐപിഒ നടപടികള്‍ നിര്‍വഹിക്കുക. ബിഎസ്ഇയിലും എന്‍എസ്ഇയിലും ഓഹരികള്‍ ലിസ്റ്റ് ചെയ്യും.