
മുംബൈ: ക്യാപിറ്റല്‍ ഗുഡ്‌സ് സൂചികയുടെ പിന്‍ബലത്തില്‍ കുതിച്ചുയരുന്ന ഓഹരിയാണ് കിര്‍ലോസ്‌കര്‍ ഇലക്ട്രിക് കമ്പനിയുടേത്. കഴിഞ്ഞ 5 സെഷനുകളില്‍ അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തിയ ഓഹരി 45 ശതമാനത്തിനടുത്ത് ആദായമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. കഴിഞ്ഞ 4 സെഷനുകളില്‍ 52 ആഴ്ചയിലെ ഉയരം ഭേദിക്കാനും ഈ സ്‌മോള്‍ക്യാപ്പ് ഓഹരിയ്ക്കായി.
ഇതോടെ മള്‍ട്ടിബാഗര്‍ പട്ടികയിലും കിര്‍ലോസ്‌ക്കര്‍ സ്ഥാനം പിടിച്ചു.
ഓഹരി വില ചരിത്രം
കഴിഞ്ഞ 5 ദിവസങ്ങളില്‍ 45 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി കൈവരിച്ചത്. ഈ കാലയളവില്‍ 27.50 രൂപയില്‍ നിന്നും 39.70 രൂപയിലേക്ക് ഓഹരി വളര്‍ന്നു. കഴിഞ്ഞ ഒരുമാസത്തില്‍ 55 ശതമാനവും ആറ് മാസത്തില്‍ 45 ശതമാനവും 2022 ല്‍ 72 ശതമാനവും ഉയര്‍ച്ച ഓഹരി കൈവരിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 110 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കിയ ഓഹരി, 14.9 രൂപയില്‍ നിന്നും 39.70 രൂപയിലേയ്ക്കാണ് വളര്‍ന്നത്.
നിക്ഷേപത്തിന്റെ സ്വാധീനം
ഒരാഴ്ചമുന്‍പ് ഓഹരിയില്‍ നിക്ഷേപിച്ച 1 ലക്ഷം ഇന്ന് 1.45 ലക്ഷമായി മാറിയിരിക്കും. അതേസമയം ഒരുമാസം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ തുക 1.55 ലക്ഷമായും ആറ് മാസം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ തുക 1.45 ലക്ഷമായും ഉയരും. 2022 ന്റെ തുടക്കത്തിലായിരുന്നു നിക്ഷേപമെങ്കില്‍ ഇന്നത് 1.72 ലക്ഷം രൂപയായി മാറുമായിരുന്നു.
ഇനി ഒരു വര്‍ഷം മുന്‍പായിരുന്നു 1 ലക്ഷം രൂപയുടെ നിക്ഷേപമെങ്കില്‍ ഇന്നത് 2.10 ലക്ഷം രൂപയായി ഉയര്‍ന്നിരിക്കും. മേല്‍ സൂചിപ്പിച്ചപോലെ 39.70 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയരം. 16 രൂപ 52 ആഴ്ചയിലെ താഴ്ചയുമാണ്.