
ന്യൂഡൽഹി: പ്രമുഖ ആശുപത്രി ഗ്രൂപ്പായ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ ഇന്ത്യയിലെയും ഗൾഫിലെയും ബിസിനസ് വേർപ്പെടുത്താനുള്ള നിർദേശത്തിന് ഓഹരി ഉടമകളുടെ അംഗീകാരം.
101 കോടി ഡോളറിന്റെ (8395 കോടി രൂപ) ഇടപാട് ഓഹരിയുടമകളുടെ യോഗത്തിൽ 99 ശതമാനത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാസായതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ഇതനുസരിച്ച് ആസ്റ്ററിന്റെ ഗൾഫ് ബിസിനസിൽ നിക്ഷേപമിറക്കാൻ യു.എ.ഇയിലെ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജ്ർ കാപിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപക കൺസോർട്യവുമായി കരാർ ഒപ്പുവെച്ചു. ഇതോടെ ആസ്റ്ററിന്റെ ഗൾഫിലെയും ഇന്ത്യയിലെയും സ്ഥാപനങ്ങൾ വേറെ വേറെ മാനേജ്മെന്റുകളായിരിക്കും നിയന്ത്രിക്കുക.
ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ആസ്റ്ററിന് ഇന്ത്യയിൽ അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 19 ആശുപത്രികൾ, 13 ക്ലിനിക്, 226 ഫാർമസി തുടങ്ങിയവയാണുള്ളത്.
ഗൾഫിൽ 15 ആശുപത്രികളും 118 ക്ലിനിക്കുകളും 276 ഫാർമസികളുമുണ്ട്.