
ന്യൂഡല്‍ഹി: കൃഷി,വളം,ഭക്ഷ്യ കയറ്റുമതി രംഗങ്ങളില്‍ ഉഭയകക്ഷി സഹകരണം ശതമാക്കുന്നതിന്റെ ഭാഗമായി റഷ്യന്‍ ഉപപ്രധാനമന്ത്രി ദിമിത്രി പത്രുഷേവ് പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റ് ഉന്നതോദ്യഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരി നയിക്കുന്ന സംഘവുമായും റഷ്യന്‍ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. വേള്‍ഡ് ഫുഡ് ഇന്ത്യ 2025 എക്‌സ്‌പോയില്‍ പങ്കെടുക്കാനാണ് പത്രുഷേവിന്റെ നേതൃത്വത്തിലുള്ള റഷ്യന്‍ പ്രതിനിധി സംഘം ഇന്ത്യയിലെത്തിയത്. രാജ്യം സന്ദര്‍ശിക്കുന്ന ഏറ്റവും വലിയ റഷ്യന്‍ സംഘമാണിത്.
നിലവില്‍ ആഗോളതലത്തില്‍ വളങ്ങളുടെ പ്രധാന വിതരണക്കാരാണ് റഷ്യ. ഇന്ത്യയിലേക്കുള്ള രാജ്യത്തിന്റെ കയറ്റുമതി ഈയിടെ ഗണ്യമായി വര്‍ദ്ധിച്ചു. ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ റഷ്യ ഇന്ത്യയിലേക്ക് 2.5 ദശലക്ഷം ടണ്‍ വളമാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20 ശതമാനം വര്‍ധനവ്. റഷ്യന്‍ ഫെര്‍ട്ടിലൈസര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തലവനായ ആന്‍ഡ്രി ഗുരിയേവിന്റെ അഭിപ്രായത്തില്‍, ഇന്ത്യന്‍ ഇറക്കുമതിയുടെ 33 ശതമാനവും ഇപ്പോള്‍ റഷ്യന്‍ വളങ്ങളാണ്.
ഡയമോണിയം ഫോസ്‌ഫേറ്റ് (DAP) പോലുള്ള ഫോസ്ഫറസ് അധിഷ്ഠിത ഉല്‍പ്പന്നങ്ങളും നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ എന്‍പികെ പോലുള്ള സംയുക്ത വളങ്ങളും റഷ്യ വിതരണം ചെയ്യുന്നു. ചൈന ഡിഎപി കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണമുള്ള വെല്ലുവിളികള്‍ നേരിടാന്‍ ഇതുവഴി ഇന്ത്യയ്ക്കായി.
റഷ്യയിലേയ്ക്ക് കൂടുതല്‍ ചെമ്മീന്‍ കയറ്റുമതി ചെയ്യാനുള്ള സാധ്യതയും ഇന്ത്യ തേടുന്നുണ്ട്. യുഎസ് ചുമത്തിയ അധിക താരിഫ് രാജ്യത്തെ ചെമ്മീന്‍ കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യത്തിലാണിത്. ഇന്ത്യന്‍ ചെമ്മീന്‍ ഇപ്പോള്‍ ഏകദേശം 58 ശതമാനം യുഎസ് താരിഫാണ് നേരിടുന്നത്. സബ്‌സിഡി വിരുദ്ധ, ഡമ്പിംഗ് വിരുദ്ധ തീരുവകള്‍ ഉള്‍പ്പടെ.
ഇതോടെ തങ്ങളുടെ ഏറ്റവും വലിയ വിപണിയായിരുന്ന യുഎസിലേയ്ക്ക് ഇന്ത്യന്‍ വ്യാപാരികള്‍ കയറ്റുമതി നിര്‍ത്തി. ബദലായി അവര്‍ റഷ്യയെ ആണ് കാണുന്നത്.നിലവില്‍, 1,000-ത്തിലധികം ഇന്ത്യന്‍ കമ്പനികള്‍ റഷ്യയുടെ കാര്‍ഷിക, ഭക്ഷ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.






