
മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2025 ല്‍ വില്‍പന നടത്തിയത് 2 ലക്ഷം കോടി രൂപയുടെ ഓഹരികള്‍. ഇത് ഒരു റെക്കോര്‍ഡാണ്. 2024 ല്‍ 1.21 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് അവര്‍ ഓഫ്‌ലോഡ് ചെയ്തത്.
അതേസമയം എഫ്‌ഐഐകളുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) അറ്റ നിക്ഷേപം 44180 കോടി രൂപയുടേതായി. 2024 ല്‍ പ്രാഥമിക വിപണിയിലെ എഫ്‌ഐ നിക്ഷേപം 1.22 ലക്ഷം കോടി രൂപയുടേതായിരുന്നു. ഉയര്‍ന്ന വാല്വേഷന്‍, വരുമാന വളര്‍ച്ചാ വേഗതയിലെ കുറവ്, ദുര്‍ബലമായ രൂപ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം തുടങ്ങിയവയാണ് ദ്വിതീയ വിപണിയില്‍ നിന്നും എഫ്‌ഐഐയെ അകറ്റുന്നത്.
കൂടാതെ മറ്റ് രാഷ്ട്രങ്ങളുടെ വിപണികള്‍ ഇന്ത്യയെ അപേക്ഷിച്ച് കൂടുതല്‍ ആകര്‍ഷകമാണ്. ചില വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരെ ‘ഉയര്‍ന്ന റിസ്‌ക്ക്’ കാറ്റഗറിയില്‍ പെടുത്തിയ സെബി നടപടിയും ബാധിച്ചു. ഒരു ഇന്ത്യന്‍ കോര്‍പറേറ്റ് ഗ്രൂപ്പില്‍ 50 ശതമാനത്തില്‍ കൂടുതല്‍ എക്‌സ്‌പോഷ്വറോ 25,000 കോടി രൂപയില്‍ കൂടുതല്‍ ഓഹരി പങ്കാളിത്തമോ ഉള്ള ഫണ്ടുകള്‍ സെബി നിയമപ്രകാരം ഗുണഭോക്താക്കളുടെ വിശദ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അവരുടെ നിക്ഷേപ ലൈസന്‍സ് റദ്ദ് ചെയ്യപ്പെടും.
ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) അതേസമയം ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപം തുടര്‍ന്നു. 2025 ലെ അവരുടെ എക്‌സ്‌പോഷ്വര്‍ 5.3 ലക്ഷം കോടി രൂപയുടേതായി. 2024 മൊത്തം വര്‍ഷത്തില്‍ ഇത് 5.27 ലക്ഷം കോടി രൂപയുടേതായിരുന്നു. ജിഎസ്ടി പരിഷ്‌ക്കരണമുള്‍പ്പടെയുള്ള നയപരമായ പിന്തുണ, എഫ്‌ഐഐ നിക്ഷേപത്തെ തുണച്ചില്ല.