
ന്യൂഡല്‍ഹി: തൊഴില്‍ സംബന്ധമായ നയ തീരുമാനങ്ങള്‍ക്കും തൊഴിലാളികളെ വ്യവസായ ആവശ്യത്തിന് അനുയോജ്യരാക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ തത്സമയ തൊഴില്‍ വിപണി വിവര സംവിധാനം ഒരുക്കുന്നു. നൈപുണ്യവികസന, സംരഭകത്വ മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും സംയുക്തമായി രൂപീകരിക്കുന്ന സംവിധാനം, സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യവ്യവസായങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍, ഇ-ശ്രാം സ്‌ക്കില്‍ ഡിജിറ്റല്‍ ഹബ് എന്നിവിടങ്ങളില്‍ നിന്ന് ഡാറ്റകള്‍ ശേഖരിക്കും.
തുടര്‍ന്ന് കൃത്രിമ ബുദ്ധിയുടെ സഹായത്താല്‍ ഡാറ്റ പ്രൊസസ്സ് ചെയ്യുകയും നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപേഷന്‍സ്, നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് തുടങ്ങിയ ചട്ടക്കൂടുകള്‍ ഉപയോഗിച്ച്് വര്‍ഗ്ഗീകരണം നടത്തുകയും ചെയ്യും.
തൊഴില്‍ വിതരണവും ആവശ്യകതയും കൃത്യമായി ട്രാക്ക് ചെയ്യുക,വിവിധ മേഖലകളിലേയും പ്രദേശങ്ങളിലേയും തൊഴില്‍ ആവശ്യം കണക്കാക്കുക, ചരക്ക് സേവന നികുതി (ജിഎസ്ടി) ഫയലിംഗ്, ഇ-വേ ബില്ലുകള്‍ എന്നിവയ്ക്കായി ഡാറ്റ ഉപയോഗപ്പെടുത്തുക, ആഭ്യന്തര, അന്തര്‍ദേശീയ വ്യവസായ ആവശ്യകതകള്‍ നിറവേറ്റുന്നതിന് തൊഴിലാളികളെ സജ്ജമാക്കുക, മികച്ച തൊഴില്‍ നയങ്ങള്‍ രൂപീകരിക്കുക, വിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.
ആഫ്രിക്കന്‍ രാജ്യങ്ങളിലും ആസിയാന്‍ മേഖലയിലും സമാനമായ സംവിധാനങ്ങള്‍ ഉപയോഗത്തിലുണ്ട്. തൊഴില്‍ വെല്ലുവിളികള്‍ നേരിടാനും, നൈപുണ്യ വികസനം മെച്ചപ്പെടുത്താനും, തൊഴില്‍ വിപണികള്‍ ശക്തിപ്പെടുത്താനും ഈ പ്ലാറ്റ്‌ഫോമുകള്‍ സഹായിക്കുന്നു.