
മുംബൈ: കഴിഞ്ഞ ദശകത്തിലെ ലോകത്തെ ഏറ്റവും മോശം ആദ്യവര്‍ഷ പ്രകടനം വണ്‍ 97 കമ്യൂണിക്കേഷന്‍സിന്റേത്. 2.4 ബില്യണ്‍ ഡോളര്‍ വിലയിട്ട് ഐപിഒ നടത്തിയ കമ്പനി, ഒരു വര്‍ഷത്തില്‍ മൂല്യത്തിന്റെ 75 ശതമാനം നഷ്ടപ്പെടുത്തുകയായിരുന്നു. 2012 ല്‍ സ്‌പെയിനിലെ ബങ്കിയ എസ്എ നേരിട്ട 82% ശതമാനമാണ് ഇതിന് മുന്‍പത്തെ തകര്‍ച്ച.
പ്രീ ഐപിഒ ലോക് ഇന്‍ കാലാവധി അവസാനിച്ചതോടെ ഈയാഴ്ച സ്‌റ്റോക്കിന്റെ നഷ്ടം വര്‍ധിച്ചു. ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്‍ കമ്പനിയിലെ തങ്ങളുടെ ഓഹരികള്‍ ഓഫ്‌ലോഡ് ചെയ്തതോടെയാണ് ഇത്. നവംബറിലെ 30 ശതമാനം താഴ്ചയോടെ മൊത്തം ഇടിവ് 79 ശതമാനമായി.
2150 രൂപയില്‍ വിപണിയിലെത്തിയ സ്റ്റോക്ക് നിലവില്‍ 453.75 രൂപയിലാണ് ട്രേഡ് ചെയ്യപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മന്റ് ദാതാക്കളായ പേടിഎമ്മിന്റെ പാരന്റിംഗ് കമ്പനിയാണ് വണ്‍ 97 കമ്യൂണിക്കേഷന്‍സ്. ഓഹരിവില കുത്തനെ ഇടിയുന്നതിന് കാരണം ബോധിപ്പിക്കാന്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മാര്‍ച്ചില്‍ കമ്പനിയോടാവശ്യപ്പെട്ടിരുന്നു.
സമ്മിശ്ര പ്രതികരണമാണ് ഓഹരിയില്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്കുള്ളത്. മോര്‍ഗന്‍ സ്റ്റാന്‍ലി 785 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഈക്വല്‍ വെയ്റ്റ് റേറ്റിംഗും യെസ് സെക്യൂരിറ്റീസ് ന്യൂട്രല്‍ റേറ്റിംഗും നല്‍കുന്നു. സിറ്റി റിസര്‍ച്ച് ലക്ഷ്യവില 1055 രൂപയാക്കി ഉയര്‍ത്തി.
1100 രൂപ ലക്ഷ്യവിലയില്‍ ഓവര്‍ വെയ്റ്റ് റേറ്റിംഗാണ് ജെപി മോര്‍ഗന്റേത്.