
ദില്ലി: ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴി പണം അയക്കുന്നവർ ശ്രദ്ധിക്കുക. ഉടനെ തന്നെ ഈ പേയ്മെന്റ് ആപ്പുകൾ എല്ലാം തന്നെ ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തിയേക്കാം.
നിലവിൽ ഇത്തരത്തിലുള്ള യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴി ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത പേയ്‌മെന്റുകൾ നടത്താൻ കഴിയും. എന്നാൽ ഉടനെ ഈ സൗകര്യം അവസാനിക്കും എന്നാണ് റിപ്പോർട്ട്.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), ഇടപാട് പരിധി 30 ശതമാനമായി പരിമിതപ്പെടുത്തുന്നതിനുള്ള വിഷയത്തിൽ റിസർവ് ബാങ്കുമായി ചർച്ച നടത്തിവരികയാണ്.
ഡിസംബർ 31 മുതൽ ഇടപാടുകൾ പരിമിതപെടുത്തിയേക്കും എന്നാണ് റിപ്പോർട്ട്. 2022 നവംബറിൽ റിസ്ക് ഒഴിവാക്കാൻ എൻപിസിഐ മൂന്നാം കക്ഷി ആപ്പ് ദാതാക്കൾക്കായി 30 ശതമാനം വോളിയം പരിധി നിർദ്ദേശിച്ചു.
എൻപിസിഐയും ആർബിഐയുമായി ഇതിനകം തന്നെ ഇടപാടുകൾ പരിമിതപ്പെടുത്തുന്നതിന്റെ യോഗം ഇതിനകം നടന്നിട്ടുണ്ട്. എൻപിസിഐ ഉദ്യോഗസ്ഥരെ കൂടാതെ ധനമന്ത്രാലയത്തിലെയും ആർബിഐയിലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
നിലവിൽ, എൻപിസിഐ എല്ലാ ഓപ്ഷനുകളും വിലയിരുത്തുന്നതിനാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല.
എന്നിരുന്നാലും, ഈ മാസം അവസാനത്തോടെ യുപിഐ പേയ്‌മെന്റുകൾക്ക് പരിധി ഏർപ്പെടുത്തുന്നതിന്റെ സംബന്ധിച്ച് എൻപിസിഐ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2020ലാണ് എൻപിസിഐ മൂന്നാം കക്ഷി ആപ്ലിക്കേഷൻ ദാതാവിന് യു പി ഐയിൽ കൈകാര്യം ചെയ്യുന്ന ഇടപാടുകളുടെ അളവിന്റെ പരിധി 30 ശതമാനം ആയിരിക്കുമെന്ന് നിർദ്ദേശം പുറപ്പെടുവിച്ചത്.






