ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് അഥവാ ഐപിഒ നിക്ഷേപത്തിലൂടെ വരുമാനമുണ്ടാക്കാനുള്ള ഒരു മാർഗമാണ്. പൊതു നിക്ഷേപകരിൽ നിന്ന് ഇക്വിറ്റി മൂലധനം സ്വരൂപിക്കുന്നതിനായി സ്വകാര്യ കമ്പനികൾ അവരുടെ ഓഹരികൾ പൊതുജനങ്ങൾക്ക് വിൽക്കുന്ന പ്രക്രിയയെയാണ് ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് (ഐപിഒ) സൂചിപ്പിക്കുന്നത്. ഐപിഒ എന്ന പ്രക്രിയ ഒരു സ്വകാര്യ കമ്പനിയെ ഒരു പൊതു കമ്പനിയാക്കി മാറ്റുന്നു. ഐപിഒ മികച്ച അവസരമാണെങ്കിലും അപകട സാധ്യകളും ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ടു തന്നെ കൃത്യമായ ധാരണ ആവശ്യമാണ്.
അടുത്ത ആഴ്ച ഐപിഒ വിപണിയിലേക്കെത്തുന്ന ഒവൈസ് മെറ്റൽ ആൻഡ് മിനറൽ കമ്പനിയുടെ ഐപിഒ വിശദാംശങ്ങളറിയാം.
ഒവൈസ് മെറ്റൽ ആൻഡ് മിനറൽ പ്രോസസിംഗ് ലിമിറ്റഡ്
2022 ൽ സ്ഥാപിതമായ കമ്പനിയാണ് ഒവൈസ് മെറ്റൽ ആൻഡ് മിനറൽ പ്രോസസിംഗ് ലിമിറ്റഡ്. ലോഹങ്ങളുടെയും ധാതുക്കളുടെയും ഉത്പാദനത്തിലും സംസ്കരണത്തിലും ഏർപ്പെട്ടിരിക്കുന്നു. മധ്യപ്രദേശിലെ മേഘ്നഗറിലാണ് കമ്പനിയുടെ നിർമ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
കമ്പനിയുടെ ഐപിഒ 2024 ഫെബ്രുവരി 26-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും 2024 ഫെബ്രുവരി 28-ന് അവസാനിക്കുകയും ചെയ്യും.
ഒരു ഷെയറിന് 87 രൂപ വരെ
10 മുഖവിലയുള്ള ഒരു ഷെയറിന് 83 രൂപ മുതൽ 87 വരെയാണ് കമ്പനി പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത് . നിക്ഷേപകർക്ക് കുറഞ്ഞത് 1600 ഷെയറുകളും അതിന്‍റെ ഗുണിതങ്ങളും വാങ്ങാം.
ഒരു ആപ്ലിക്കേഷന്‍റെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 1600 ഷെയറുകളാണ്. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 139,200 രൂപ ആണ്.
ഐപിഒ 42.69 കോടി രൂപയുടെ ബുക്ക് ബിൽറ്റ് ഇഷ്യുവാണ് . ഇഷ്യൂ പൂർണ്ണമായും 49.07 ലക്ഷം ഓഹരികളുടെ പുതിയ ഇഷ്യൂ ആണ്.
ഐപിഒയുടെ 50 ശതമാനം ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് (ക്യുഐബി) വിഭാഗത്തിന് നീക്കി വച്ചിരിക്കുന്നു. 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കായും നീക്കിവച്ചിരിക്കുന്നു.
15 ശതമാനം നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സിനുമാണ്.
വരുമാനം ഉപകരണങ്ങൾ വാങ്ങാൻ
ഉൽപ്പാദനം, പ്രവർത്തന മൂലധന ആവശ്യകതകൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവ സുഗമമാക്കുന്നതിന് ഉപകരണങ്ങൾ വാങ്ങുന്നതിനായി പുതിയ ഇഷ്യു വരുമാനം ഉപയോഗിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ
സയ്യിദ് ഒവൈസ് അലി, സയ്യദ് അക്തർ അലി, സയ്യിദ് മുർത്തുസ അലി എന്നിവരാണ് കമ്പനി പ്രൊമോട്ടർമാർ.
ഗ്രെടെക്‌സ് കോർപ്പറേറ്റ് സർവീസസ് ലിമിറ്റഡാണ് ഒവൈസ് മെറ്റൽ ആൻഡ് മിനറൽ പ്രോസസ്സിംഗ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ, ബിഗ്‌ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിന്‍റെ രജിസ്ട്രാർ.
ഐപിഒയുടെ മാർക്കറ്റ് മേക്കർ ഗ്രെടെക്‌സ് ഷെയർ ബ്രോക്കിംഗ് ആണ്. അലോട്ട്‌മെന്‍റ് 2024 ഫെബ്രുവരി 29 വ്യാഴാഴ്ച അന്തിമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.