
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) നിരക്ക് തീരുമാനം വരുന്നതിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിച്ചതിനാല്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച തുടക്കത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 60.72 പോയിന്റ് അഥവാ 0.08 ശതമാനം ഉയര്‍ന്ന് 80770.97 ലെവലിലും നിഫ്റ്റി 8.45 പോയിന്റ് അഥവാ 0.03 ശതമാനം ഉയര്‍ന്ന് 24658 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.
1496 ഓഹരികള്‍ മുന്നേറുമ്പോള്‍ 871 ഓഹരികള്‍ തിരിച്ചടി നേരിടുന്നു. 130 ഓഹരി വിലകളില്‍ മാറ്റമില്ല. നിഫ്റ്റി മിഡ്ക്യാപ് 100 സൂചികയും സ്‌മോള്‍ക്യാപ് 100 സൂചികയും 0.3 ശതമാനം വീതം താഴ്ന്നു.
മേഖലകളില്‍ ഫാര്‍മ 1 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഐടി, റിയാലിറ്റി, എനര്‍ജി എന്നിവയും വില്‍പന നേരിട്ടു. എഫ്എംസിജി, വാഹനം എന്നിവയിലെ ഇടിവ് നേരിയ തോതിലാണ്.
നിഫ്റ്റി മീഡിയ 0.3 ശതമാനവും ലോഹം, പൊതുമേഖല ബാങ്ക് നേരിയ തോതിലും ഉയര്‍ന്നപ്പോള്‍ ശ്രീരാം ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുക്കി, ട്രെന്റ് ഓഹരികള്‍ നേട്ടത്തിലായി.
അതേസമയം കോള്‍ ഇന്ത്യ, സിപ്ല, ടെക്ക് മഹീന്ദ്ര, ടിസിഎസ്, ഹീറോ മട്ടോകോര്‍പ് എന്നിവ ഇടിവ് നേരിട്ടു.