
ന്യൂഡല്‍ഹി: സമൂല മാറ്റങ്ങളോടെ ഡാറ്റ സംരക്ഷണ ബില്ലിന്റെ കരട് തയ്യാറായി. ഡാറ്റ ലോക്കലൈസേഷന്‍ ആവശ്യകത, സംരക്ഷണം, ഡാറ്റ കൈമാറ്റം എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ കടുംപിടുത്തം ഉപേക്ഷിച്ചതായാണ് സൂചന. പുതിയ ബില്‍ പ്രകാരം വിശ്വസനീയമായ കേന്ദ്രങ്ങളില്‍ (അത് വിദേശ രാഷ്ട്രങ്ങളാകാം) ഡാറ്റ സൂക്ഷിക്കാന്‍ കമ്പനികളെ അനുവദിച്ചേക്കും.
വിശ്വസനീയ കേന്ദ്രങ്ങള്‍ ഏതെല്ലാമെന്ന് സമയാസമയങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കും.ഡാറ്റ ഇന്ത്യയില്‍ സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ നിബന്ധന വച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ആഗോള ഇന്റര്‍നെറ്റ് കമ്പനികളുമായി അഭിപ്രായവ്യത്യാസവും ഉടലെടുത്തു.
പിഴയില്‍ മാറ്റം
വ്യക്തിഗത വിവരങ്ങള്‍ കൈമോശം വരുന്ന പക്ഷം കമ്പനികളുടെ മേല്‍ 200 കോടി രൂപ വരെ പിഴചുമത്താനാണ് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതേസമയം വ്യക്തിഗത ഇതര വിവരങ്ങളെക്കുറിച്ച് പരാമര്‍ശമില്ല. മാത്രമല്ല, വിവരം ചോര്‍ത്തുന്ന കമ്പനികളിലെ ജീവനക്കാരെ ക്രിമിനല്‍ വിചാരണ ചെയ്യാനുള്ള വ്യവസ്ഥയും എടുത്തുകളഞ്ഞു.
വിവരങ്ങള്‍ ചോരുന്ന പക്ഷം അത് ഉപഭോക്താക്കളെ അറിയിക്കണമെന്നും അല്ലാത്തപക്ഷം 150 കോടി രൂപ വരെ പിഴചുമത്തപ്പെടുമെന്നും ബില്‍ അനുശാസിക്കുന്നു. കുട്ടികളുടെ വിവരങ്ങള്‍ അനധികൃതമായി കൈമാറിയാല്‍ പിഴ 100 കോടി രൂപവരെയാകും.
ഡാറ്റ സംരക്ഷണ ബോര്‍ഡ്
ഒരു ഡാറ്റ സംരക്ഷണ ബോര്‍ഡ് സ്ഥാപിക്കാനും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു. നിയമലംഘനത്തിനുള്ള പിഴ നിര്‍ണ്ണയിക്കുക ഈ ബോര്‍ഡായിരിക്കും.
മുന്‍പ് അവതരിപ്പിക്കപ്പെടുകയും ഇപ്പോള്‍ പിന്‍വലിക്കുകയും ചെയ്ത ബില്ലില്‍ വിവര ചോര്‍ച്ചയ്ക്ക് 15 കോടി രൂപ അല്ലെങ്കില്‍ വാര്‍ഷിക വിറ്റുവരവിന്റെ 4 ശതമാനം, അതില്‍ ഏതാണ് വലുതെങ്കില്‍ അതായിരുന്നു പിഴ.