
കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യയുടെ ബി2 ദീര്‍ഘകാല കോര്‍പ്പറേറ്റ് ഫാമിലി റേറ്റിംഗ് മൂഡീസ് പിന്‍വലിച്ചു. അന്താരാഷ്ട്ര ഡെബ്റ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റുകളിലേക്ക് പ്രവേശിക്കാനുള്ള പദ്ധതികള്‍ ജ്വല്ലേഴ്‌സ് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഇത്. പഴയ കടം റീഫിനാന്‍സ് ചെയ്യുന്നതിനായി ഏപ്രിലില്‍, കമ്പനി അതിന്റെ അനുബന്ധ സ്ഥാപനം വഴി ഏകദേശം 200 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ പദ്ധതിയിട്ടിരുന്നു.
സീനിയര്‍ ഡോളര്‍ മൂല്യമുള്ള ഫിക്‌സഡ് റേറ്റ് നോട്ടുകള്‍ ഇഷ്യു ചെയ്താണ് ഫണ്ട് സമാഹരണം വിഭാവന ചെയ്തിരുന്നത്. എന്നാല്‍ പദ്ധതി കമ്പനി പിന്‍വലിച്ചു. പകരം സിംഗപ്പൂര്‍ ഗവണ്‍മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനുമായും കൊട്ടക് മഹീന്ദ്ര എഎംസിയുമായും കമ്പനി നിക്ഷേപക യോഗം നടത്തി വരികയാണ്.
പുതിയ സംഭവിവികാസങ്ങള്‍ പക്ഷെ ഓഹരിയുടെ പ്രകടനത്തെ ബാധിച്ചില്ല. കഴിഞ്ഞ ആറ് മാസത്തില്‍ 65 ശതമാനത്തിലധികം ഉയര്‍ന്ന ഓഹരിയായി കല്യാണ്‍ ജ്വല്ലേഴ്‌സ് മാറി. ചൊവ്വാഴ്ച 0.36 ശതമാനം ഉയര്‍ന്ന് 98.05 രൂപയിലെത്തിയതോടെയാണ് ഇത്.
ഓഹരി വിപണി മൂല്യം 9730 കോടി (1.2 ബില്ല്യണ്‍ ഡോളര്‍). കല്യാണരാമന്‍ ഫാമിലി ആന്റ് അസോസിയേറ്റ്‌സിന്റെ ഉടമസ്ഥയിലാണ് സ്ഥാപനം.അവര്‍ക്ക് 60.53 ശതമാനം ഓഹരികളാണ് സ്ഥാപനത്തിലുള്ളത്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാര്‍ബര്‍ഗ് പിന്‍കസ് ആന്‍ഡ് കമ്പനി യുഎസ് അനുബന്ധ സ്ഥാപനത്തിന് 26.36 ശതമാനം നേരിട്ടുള്ള ഓഹരികളുമുണ്ട്.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ജ്വല്ലറിയായ കല്യാണ്‍ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 10,820 കോടി രൂപ (1.4 ബില്യണ്‍ ഡോളര്‍) ഏകീകൃത വരുമാനവും ഏകദേശം 850 കോടി രൂപ (107 മില്യണ്‍ ഡോളര്‍) പ്രധാന ലാഭവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.