
ഇന്ത്യൻ നിരത്തുകളിലേക്കുള്ള മാരുതി സുസുക്കിയുടെ ആദ്യ ഇലക്‌ട്രിക് മോഡല്‍ അവതരണത്തിന് ഒരുങ്ങുകയാണ്. ഇ-വിത്താര എന്ന പേരില്‍ ജനുവരി 17-ന് അവതരിപ്പിക്കുന്ന ആദ്യ ഇലക്‌ട്രിക് മോഡല്‍ മാർച്ച് മാസത്തോടെ നിരത്തുകളില്‍ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ മോഡല്‍ പുറത്തിറങ്ങാനെടുത്ത കാലത്താമസം ഇനിയങ്ങോട്ട് ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്. ഇലക്‌ട്രിക് ശ്രേണിയിലേക്കുള്ള കൂടുതല്‍ വാഹനങ്ങളുടെ പണിപ്പുരയിലാണ് മാരുതി സുസുക്കി.
ഒരു എൻട്രി ലെവല്‍ ഇലക്‌ട്രിക് ഹാച്ച്‌ബാക്കായിരിക്കും മാരുതി സുസുക്കിയില്‍ നിന്ന് ഇനി പുറത്തിറങ്ങുകയെന്നാണ് വിവരം. വൈ2വി എന്ന കോഡ്നെയിമില്‍ നിർമിക്കുന്ന ഇലക്‌ട്രിക് ഹാച്ച്‌ബാക്ക് 2028-ഓടെ നിരത്തുകളില്‍ എത്തിക്കാനാണ് നിർമാതാക്കള്‍ ശ്രമിക്കുന്നത്.
സുസുക്കി മുമ്പ് പ്രദർശനത്തിന് എത്തിച്ചിട്ടുള്ള ഇ.ഡബ്ല്യു.എക്സ്. കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ വാഹനം നിർമിക്കുന്നത്. പൂർണമായും പ്രദേശികമായി നിർമിക്കുന്ന വാഹനമായിരിക്കും ഇത്.
ആദ്യ വാഹനമായ ഇ-വിത്താരയില്‍ 65 കിലോവാട്ട് ശേഷിയുള്ള ബാറ്ററിപാക്കാണ് നല്‍കിയിട്ടുള്ളതെങ്കില്‍ ഈ കുഞ്ഞൻ ഇലക്‌ട്രിക് മോഡലില്‍ താരതമ്യേന ചെറിയ ബാറ്ററിപാക്ക് ആയിരിക്കും ഘടിപ്പിക്കുന്നത്.
35 കിലോവാട്ട് ആയിരിക്കും ഈ വാഹനത്തിലെ ബാറ്ററിപാക്കിന്റെ ശേഷിയെന്നും റിപ്പോർട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളില്‍ ഈ എൻട്രി ലെവല്‍ ഇലക്‌ട്രിക് വാഹനത്തിന്റെ 2.5 ലക്ഷം യൂണിറ്റ് നിർമിക്കുകയാണ് മാരുതി സുസുക്കിയുടെ ലക്ഷ്യം. കോമറ്റ് ഉള്‍പ്പെടെയുള്ള വാഹനങ്ങളായിരിക്കും എതിർ സ്ഥാനത്ത്.
2031-നുള്ളില്‍ ഇന്ത്യയില്‍ ആറ് പുതിയ ഇലക്‌ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. ഇതിലെ ആദ്യ മോഡലാണ് ജനുവരി 17-ന് അവതരിപ്പിക്കാനൊരുങ്ങുന്ന ഇ-വിത്താര.
ഈ പദ്ധതിയിലെ എൻട്രി ലെവല്‍ മോഡലാണ് വൈ2വി എന്ന കോഡ്നെയിമില്‍ ഒരുങ്ങുന്നത്. 2030 ആകുമ്പോഴേക്കും മാരുതിയുടെ മൊത്തവില്‍പ്പനയുടെ 15 ശതമാനം ഇലക്‌ട്രിക് വാഹനങ്ങളുടേതാക്കാനുള്ള നീക്കങ്ങളാണ് കമ്പനി നടത്തുന്നത്.