
മുംബൈ: വെള്ളിയാഴ്ചയിലെ ക്ലോസിംഗില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 22.71 പോയിന്റ് അഥവാ 0.04 ശതമാനം മാത്രം ഉയര്‍ന്ന് 59655.06 ലെവലിലും നിഫ്റ്റി 0.40 പോയിന്റ് താഴ്ന്ന് 17624 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
ടിസിഎസ്, ഐടിസി, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, വിപ്രോ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എച്ച്ഡിഎഫ്സി ലൈഫ്, ടെക് മഹീന്ദ്ര, അദാനി എന്റര്‍പ്രൈസസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, മാരുതി സുസുക്കി തുടങ്ങിയവ നഷ്ടത്തിലായി. മേഖലകളില്‍ റിയാലിറ്റി സൂചിക 2 ശതമാനവും ഓട്ടോ മെറ്റല്‍ സൂചികകള്‍ ഒരു ശതമാനവുമാണ് കുറഞ്ഞത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ നഷ്ടത്തിലായി.
ദുര്‍ബലമായ ആഗോള സൂചനകള്‍ക്കിടയില്‍ പോസിറ്റീവ് ഓപ്പണിംഗാണ് വിപണി നടത്തിയത്. എന്നാല്‍ ക്രമേണ നേട്ടങ്ങള്‍ കൈവിടുകയും ഏകീകരണത്തിലേയ്ക്ക് വീഴുകയുമായിരുന്നു. പിന്നീട് രണ്ടാം പകുതിയില്‍ വിപുലമായ വില്‍പന ദൃശ്യമായി.