
മുംബൈ: മലയാളിയായ അനിത മരങ്ങോലി ജോർജിനെ ടാറ്റ സൺസ് ഇൻഡിപെൻഡൻറ് ഡയറക്ടറായി നിയമിച്ചു. ഇന്നാണ് ടാറ്റ സൺസ് ഇക്കാര്യം പുറത്ത് വിട്ടത്. കഴിഞ്ഞ 4 വർഷമായി കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ പെൻഷൻ ഫണ്ട് സ്ഥാപനമായ സിഡിപിക്വിവിൽ വിവിധ ചുമതലകൾ വഹിച്ച് വരികയായിരുന്നു. അതിന് മുൻപ് 22 വർഷം വേൾഡ് ബാങ്കിൽ വിവിധ പദവികളിൽ പ്രവർത്തിച്ചു.
ഇക്കാലയളവിൽ കാലാവസ്ഥാ വ്യതിയാന രംഗത്ത് രാജ്യങ്ങൾക്കിടയിലും, സംഘടനകൾക്കിടയിലും ഒട്ടേറെ കരാറുകൾ രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. സുഹൃത്തുക്കൾക്കൊപ്പം ഒരു സുസ്ഥിര വികസന ഫണ്ട് രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളിലായിരുന്നു, അനിത. 2020 മുതൽ ഇൻഡോ കനേഡിയൻ ബിസിനസ് ചേംബേഴ്സ് പ്രസിഡൻറായും പ്രവർത്തിക്കുന്നു. ഫസ്റ്റ് സോളാർ, പിരമൽ എൻ്റർപ്രൈസസ് എന്നിവയിൽ ഇൻഡിപെൻഡൻ്റ് ഡയറക്ടറാണ്. സസ്റ്റെയിനബിൾ ഡവലപ്മെൻ്റ് മേഖലയിൽ ലോകത്തെ കിടയറ്റ പ്രൊഫഷണലുകളിൽ ഒരാളാണ് അനിത. വേൾഡ് ബാങ്കിൽ ചേരും മുൻപെ
സിമെൻസ്, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ എന്നിവിടങ്ങളിലും പ്രവർത്തിച്ചു.
ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിലും, ഇക്കോണമിക് പോളിസിയിലും ബിരുദാനന്തര ബിരുദധാരിയാണ്.