ന്യൂഡൽഹി: ഇലക്‌ട്രിക് വാഹന നിരയിലേക്ക് രണ്ട് പുതിയ വാഹനങ്ങൾ കൂടി അവതരിപ്പിച്ച് പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര. കൂപ്പെ ഡിസൈനിലുള്ള ബിഇ 6ഇ, എക്സ്ഇവി 9ഇ എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. മഹീന്ദ്രയുടെ ബോണ്‍-ഇവി ഇൻഗ്ലോ പ്ലാറ്റ്ഫോമിലാണ് ഇവ നിർമിച്ചിരിക്കുന്നത്.
ചെന്നൈയിൽ നടന്ന ‘അണ്‍ലിമിറ്റ് ഇന്ത്യ’ ഇവന്‍റിലാണ് മഹീന്ദ്ര രണ്ട് ഇവികളും ഒൗദ്യോഗികമായി അവതരിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം മഹീന്ദ്രയുടെ ഇലക്‌ട്രിക് എസ്‌യുവികളിൽ 5 ജി കണക്‌ടിവിറ്റിയും മൂന്ന് സ്ക്രീനുകളും എഐ അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷനുകളും ഉണ്ടാകും. ക്വാൽകോം സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.
18.90 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) ബിഇ 6ഇയുടെ പ്രാരംഭ വില. 682 കിലോമീറ്റർ റേഞ്ചാണ് എആർഎഐ സർട്ടിഫൈ ചൈയ്തിട്ടുള്ളത്. 59 കിലോവാട്ടിന്‍റെയും 79 കിലോവാട്ടിന്‍റെയും രണ്ട് ബാറ്ററി ഓപ്ഷനിൽ വാഹനം ലഭ്യമാകും.
228 എച്ച്പിയും 281 എച്ച്പിയുമാണ് ഇവയുടെ പരമാവധി പവർ. 380 എൻഎം ആണ് ടോർക്ക്. കൂടാതെ ഉയർന്ന വേരിയന്‍റിൽ 6.7 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. റേഞ്ച്, എവരിഡേ, റേസ് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകൾ ഇതിലുണ്ടാകും.
മഹീന്ദ്ര ബാറ്ററിക്ക് ലൈഫ് ടൈം വാറന്‍റിയാണ് നൽകുന്നത്. 175 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളിൽ ബാറ്ററി 20 ശതമാനത്തിൽനിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാം.
വാഹനത്തിന്‍റെ വിതരണം 2025 ഫെബ്രുവരിയിലോ മാർച്ചിലോ ആരംഭിക്കുമെന്നാണ് വിവരം. ഒരു വേരിയന്‍റിന്‍റെ വില മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിലാകും കൂടുതൽ വിവരങ്ങൾ പുറത്തുവിടുക.
21.90 ലക്ഷം രൂപ മുതലാണ് എക്സ്ഇവി 9ഇയുടെ വില ആരംഭിക്കുന്നത്. ബിഇ 6ഇനേക്കാൾ വലിയ വാഹനമാണിത്. 59, 79 കിലോവാട്ടിന്‍റെ ലിഥിയം അയണ്‍ ഫോസ്ഫേറ്റ് ബാറ്ററിയാണ് ഇതിലുമുള്ളത്. ഈ ബാറ്ററികൾക്കും ലൈഫ് ടൈം വാറന്‍റി ലഭിക്കും. 656 കിലോമീറ്ററാണ് പരമാവധി റേഞ്ച്.