മുംബൈ: വായ്പ വീണ്ടെടുക്കലുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ബാങ്കുകളുടെ ആദ്യപാദ ഫലങ്ങള്‍ പരിശോധിച്ച് ഇക്കണോമിക് ടൈംസാണ് ഇക്കാര്യം വിശദമാക്കുന്നത്. വന്‍കിട ബാങ്കുകളുടെയും വീണ്ടെടുക്കല്‍ ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ കുറവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഉദാഹരണത്തിന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) വീണ്ടെടുക്കലും നവീകരണവും 2023 ജൂണില്‍ 3,607 കോടി രൂപയായി കുറഞ്ഞു. ഒരു വര്‍ഷം മുമ്പ് 5,208 കോടി രൂപയും 2023 മാര്‍ച്ചില്‍ 4,200 കോടി രൂപയും റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്താണിത്. പഞ്ചാബ് നാഷണല്‍ ബാങ്ക് ( പിഎന്‍ബി), ബാങ്ക് ഓഫ് ബറോഡ (ബിഒബി), ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടെ കാര്യത്തിലും സമാന പ്രവണത ദൃശ്യമാണ്.
കോര്‍പറേറ്റ് അക്കൗണ്ടുകളില്‍ നിന്നുള്ള കുറവ് വീണ്ടെടുപ്പാണ് മൊത്തത്തില്‍ പ്രതിഫലിച്ചതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് സീനിയര്‍ വൈസ് പ്രസിഡന്റ് എഎസ് വി കൃഷ്ണന്‍ പറയുന്നു.
ബാങ്കിന്റെ മിക്കവാറും എല്ലാ സ്ലിപ്പേജുകളും എംഎസ്എംഇ, കാര്‍ഷിക പോര്‍ട്ട്‌ഫോളിയോ എന്നിവയില്‍ നിന്നാണ് വന്നതെന്നും ജൂണില്‍ റിപ്പോര്‍ട്ട് ചെയ്ത 7,659 കോടി രൂപയുടെ പുതിയ സ്ലിപ്പേജുകളില്‍ 1,500 കോടി രൂപ വീണ്ടെടുക്കാന്‍ ബാങ്കിന് കഴിഞ്ഞുവെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര അറിയിച്ചു. അതേസമയം കോവിഡിന് ശേഷമുള്ള വീണ്ടെടുക്കലില്‍ ബാങ്കുകള്‍ക്ക് വേഗത കുറയുകയാണെന്ന് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സാധ്യമായ വീണ്ടെടുക്കലുകളെല്ലാം നടത്തിയിട്ടുണ്ടെന്ന് ഒരു ബാങ്കിംഗ് അനലിസ്റ്റ് അറിയിച്ചു. ദുര്‍ബലമായതോ, നിയമ പ്രശ്‌നങ്ങള്‍ നേരിടുന്നവയോ ആയ അക്കൗണ്ടുകളാണ് അവശേഷിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റീട്ടെയില്‍ വായ്പകള്‍ കൂടിയിട്ടുണ്ട്.