
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് കമ്പനികളിലെ തങ്ങളുടെ നിക്ഷേപങ്ങളെക്കുറിച്ച് വ്യക്തത വരുത്തിയിരിക്കയാണ് രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). അമേരിക്കന്‍ ഷോര്‍ട്ട് സെല്ലിംഗ് കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് ഇന്‍ഷൂറന്‍സ് ഭീമന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ജനുവരി 30 ന് പുറത്തുവിട്ട രേഖകള്‍ പ്രകാരം എല്‍ഐസിയുടെ പക്കലുള്ള അദാനി ഗ്രൂപ്പ് ഓഹരികളുടെ ആകെ മൂല്യം 30,127 കോടി രൂപയാണ്. ജനുവരി 27ലെ ക്ലോസിംഗ് വില പ്രകാരം ഇത് 56,142 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
മൊത്തം അസറ്റ് അണ്ടര്‍ മാനേജ്‌മെന്റിന്റെ (എയുഎം) 0.975% ശതമാനമാണ് നിക്ഷേപം നടത്തിയിരിക്കുന്നതെന്നും അദാനി ഡെബ്റ്റ് സെക്യൂരിറ്റികളുടെ ക്രെഡിറ്റ് റേറ്റിംഗ് എഎയും അതിന് മുകളിലുമാണെന്നും എല്‍ഐസി വ്യക്തമാക്കുന്നു. ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ ഐആര്‍ഡിഎഐ നിശ്ചയിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇത്തരം സെക്യൂരിറ്റികളില്‍ നിക്ഷേപം അനുവദനീയമാണ്.