
തിരുവനന്തപുരം: ചെങ്ങന്നൂർ-പമ്പ പാതയുടെ പേരിൽ നേരത്തേ അംഗീകാരമുള്ള അങ്കമാലി-എരുമേലി-ശബരി റെയിൽപ്പാത ഉപേക്ഷിക്കരുതെന്ന് കേന്ദ്രസർക്കാരിന് കേരളത്തിന്റെ കത്ത്.എരുമേലി പാതയ്ക്ക് ഇതിനകം 250 കോടിയോളം രൂപ ചെലവിട്ടു.
അലൈൻമെന്റും നിശ്ചയിച്ചു. 100 കോടിരൂപ ബജറ്റിലും ഉൾപ്പെടുത്തി. അതിനാൽ, എരുമേലി പാതയുടെ തുടർനടപടികൾക്ക് അനുമതി നൽകണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനുള്ള കത്തിൽ ആവശ്യപ്പെട്ടു.
ശബരിമല തീർഥാടകരെ ലക്ഷ്യമിട്ടാണ് രണ്ടുപാതകളും പരിഗണിച്ചത്. ചെങ്ങന്നൂർ-പമ്പ പാത 19 കിലോമീറ്ററോളം വനത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് നടപ്പാവാൻ വനംവകുപ്പിന്റെ അനുമതി വേണം.
എരുമേലി പാത പമ്പയിലേക്കാണ് നിശ്ചയിച്ചതെങ്കിലും വനംവകുപ്പിന്റെ എതിർപ്പുകാരണം എരുമേലിവരെയാക്കുകയായിരുന്നു. വനംവകുപ്പ് അനുമതി നൽകിയാൽ പമ്പയിലേക്ക് നീട്ടാനുമാകും.
അങ്കമാലി-എരുമേലി പാതയ്ക്ക് രാമപുരം വരെയുള്ള 70 കിലോമീറ്ററിൽ ഭൂമിയേറ്റെടുക്കൽ നടപടികൾ പുരോഗമിച്ചതാണ്.
അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകരിൽ ഏറിയപങ്കും വടക്കൻമേഖല വഴിയാണ് വരുന്നത്. അതിനാൽ, ശബരി റെയിൽപ്പാത ഏറെ പ്രയോജനകരമാണെന്നും കത്തിൽ പറയുന്നു.
വർഷത്തിൽ 114 ദിവസംമാത്രമാണ് ശബരിമല തീർഥാടനകാലം. ഈ സമയത്തുമാത്രമാണ് ചെങ്ങന്നൂർ-പമ്പ പാതയുടെ പ്രയോജനം. എരുമേലി പാത പുനലൂരുമായി ബന്ധിപ്പിച്ചാൽ തമിഴ്നാട്ടിലേക്കുള്ള യാത്ര എളുപ്പത്തിലാകും.
മുമ്പ് പരിഗണിച്ച എരുമേലി-പുനലൂർ, പുനലൂർ-തിരുവനന്തപുരം പാതകൾ സാധ്യമാക്കിയാൽ അങ്കമാലി-എരുമേലി പാത കേരളത്തിലേക്കുള്ള മൂന്നാം ഇടനാഴിയാവും. വിഴിഞ്ഞം തുറമുഖവുമായും ബന്ധിപ്പിക്കാനാകും.