ഡൽഹി: 2 കോടി മുതൽ 10 കോടി രൂപ വരെയുള്ള ആഭ്യന്തര, എൻആർഇ റുപ്പീ ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചതായി ഇന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ കർണാടക ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. 1 മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 10 ബേസിസ് പോയിന്റ് (ബിപിഎസ്) വർധനയും 2 വർഷം മുതൽ 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 20 ബിപിഎസ് വർദ്ധനയുമാണ് ഉണ്ടാകുക. ഈ വർധനവനുസരിച്ച്, 1-2 വർഷത്തെ നിക്ഷേപങ്ങൾക്ക് പ്രതിവർഷം 5.35 ശതമാനവും 2 വർഷം മുതൽ 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് യഥാക്രമം 5.60 ശതമാനം 5.70 ശതമാനം എന്നിങ്ങനെ ആയിരിക്കും.
മേൽപ്പറഞ്ഞ നിരക്കുകൾ ജൂൺ 10 വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി കർണാടക ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയിലെ ഒരു പഴയ തലമുറ സ്വകാര്യമേഖലാ ബാങ്കാണ് കർണാടക ബാങ്ക് ലിമിറ്റഡ്. 11 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള കർണാടക ബാങ്ക് ലിമിറ്റഡിന് 22 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും ഉടനീളം 888 ശാഖകളും 952 എടിഎമ്മുകളും 479 ഇ-ലോബികളും ഉണ്ട്.