
ന്യൂഡല്‍ഹി: വര്‍ദ്ധിച്ചുവരുന്ന യുഎസ് പലിശനിരക്കും വ്യാപാരകമ്മിയും കാരണം രൂപയുടെ മൂല്യതകര്‍ച്ച തുടരുമെന്ന് റോയിട്ടേഴ്‌സ് പോള്‍. മൂല്യം ഡിസംബറോടെ 84.50 നിരക്കിലേയ്‌ക്കെത്തുമെന്നാണ് അനുമാനം. 14 ബാങ്കര്‍മാരേയും ഫോറിന്‍ എക്‌സ്‌ചേഞ്ച് ഉപദേഷ്ടാക്കളേയും പങ്കെടുപ്പിച്ചാണ് റോയിട്ടേഴ്‌സ് പോള്‍ നടത്തിയത്.
ഡിസംബറോടെ രൂപയുടെ മൂല്യം 85 ലെവലിലേക്കെത്തുമെന്ന് ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബ്‌നാവിസ് കണക്കുകൂട്ടുന്നു. ഡോളര്‍ മൂല്യം ഉയരുകയും ആഭ്യന്തര ഘടകങ്ങള്‍ ദുര്‍ബലമായി തുടരുകയും ചെയ്യുന്നതിനാല്‍ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) 3%-3.50% ആയിരിക്കും.
രൂപയെ സമ്മര്‍ദ്ദത്തിലാക്കി ആദ്യ ഒമ്പത് മാസങ്ങളില്‍ ഇന്ത്യ ശരാശരി 23.2 ബില്യണ്‍ ഡോളറിന്റെ പ്രതിമാസ വ്യാപാര കമ്മി റിപ്പോര്‍ട്ട് ചെയ്തു. 2021 ലെ കമ്മി വെറും 15.3 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. ആഗോള സാമ്പത്തിക സാഹചര്യം പോര്‍ട്ട്‌ഫോളിയോ ഒഴുക്കിന് അനുയോജ്യമല്ലാത്തതും രൂപയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്, റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടി.
ഫെഡ് റിസര്‍വിന്റെ യുദ്ധസമാന നിരക്കുവര്‍ദ്ധനവ് കാരണം ഡോളര്‍ സൂചിക ഏകദേശം 18 ശതമാനം ഉയരുകയും വളര്‍ന്നുവരുന്ന വിപണികളില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്മാറുകയുമായിരുന്നു. എന്‍എസ്ഡിഎല്ലിലെ കണക്കുപ്രകാരം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ നിന്ന് ഈ വര്‍ഷം പിന്‍വലിച്ചത് 23.4 ബില്യണ്‍ ഡോളറാണ്.
കടവിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടതാകട്ടെ 1.4 ബില്യണ്‍ ഡോളറും.ഇന്ത്യന്‍ കറന്‍സി ദൈനംദിനം റെക്കോര്‍ഡ് താഴ്ചയിലേയ്ക്ക് വീഴുന്ന ഘട്ടത്തിലാണ് റോയിട്ടേഴ്‌സ് പോള്‍ പുറത്തുവന്നിരിക്കുന്നത്. വ്യഴാഴ്ച 83.2150 എന്ന റെക്കോര്‍ഡ് താഴ്ച വരിച്ച രൂപ, ഈ വര്‍ഷം ഇതിനോടകം 12 ശതമാനത്തിന്റെ ഇടിവ് നേരിട്ടു.
2013ലെ മൊത്തം തകര്‍ച്ചയ്ക്ക് തുല്യമാണിത്. ഒരു തിരിച്ചുകയറ്റം അസാധ്യമെന്ന സൂചന നല്‍കി, 83.25 മുതല്‍ 86 വരെ താഴ്ച വോട്ടെടുപ്പില്‍ പങ്കെടുത്തവര്‍ പ്രവചിക്കുന്നു.