
ന്യൂഡല്‍ഹി: യുകെയുമായുള്ള ഇന്ത്യയുടെ വ്യാപാര കരാര്‍ രാജ്യത്തിന്റെ കയറ്റുമതിയെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുമെന്ന് റിപ്പോര്‍ട്ട്. നിരവധി വിഭാഗങ്ങളിലായി തെക്കുകിഴക്കന്‍, ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കയറ്റുമതി 2 ബില്യണ്‍ ഡോളര്‍ കുറയ്ക്കാന്‍ കരാര്‍ കാരണമായേക്കും.
ബുധനാഴ്ച ആരംഭിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ സന്ദര്‍ശനത്തിനിടെ കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതപ്പെടുന്നത്. കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക പങ്കാളിത്തത്തെ ഊട്ടിയുറപ്പിക്കും. 2009ല്‍ ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ 2.4 ശതമാനം യുകെയുടേതായിരുന്നു.
എന്നാല്‍ 2024-ല്‍ അതിന്റെ വിഹിതം 1.8 ശതമാനമായി കുറഞ്ഞു. കരാര്‍ പ്രകാരം ഏതാണ്ട് 1 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള കയറ്റുമതിയ്ക്കാണ് താരിഫ് ഇളവുകള്‍ ലഭ്യമാകുക. ഇത് കയറ്റുമതിയില്‍ ചൈനയുമായി മത്സരിക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കും.
യന്ത്ര ഭാഗങ്ങളുടെ കയറ്റുമതിയിലാണ് ഇത് കൂടുതല്‍ പ്രതിഫലിക്കുക. 2024 ല്‍ ചൈന യുകെയിലേയ്ക്ക് 248.5 മില്യണ്‍ ഡോളറിന്റെ യന്ത്രഭാഗങ്ങള്‍ കയറ്റുമതി ചെയ്തു. അതേസമയം ഇന്ത്യയുടെ കയറ്റുമി 215.3 മില്യണ്‍ ഡോളറായിരുന്നു. പുതിയ ഇളവ് ലഭ്യമാകുന്നതോടെ രാജ്യത്തിന്റെ യന്ത്രഭാഗ കയറ്റുമതി വര്‍ദ്ധിക്കും.
കാപ്പി, വെള്ളി ആഭരണങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയ വിഭാഗങ്ങളിലും ഇന്ത്യ നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയില്‍ നിന്ന് യുകെയിലേക്കുള്ള കാപ്പി കയറ്റുമതി 2024 ല്‍ 12.7 മില്യണ്‍ ഡോളറായിരുന്നു. ഇത് ചൈനയുടെ 11.1 മില്യണ്‍ ഡോളറിനേക്കാള്‍ അല്പം കൂടുതലാണ്. വെള്ളി ആഭരണങ്ങളിലും പാദരക്ഷകളിലും, യുകെയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ചൈനയുടെ കയറ്റുമതിയുടെ ഏകദേശം 30 ശതമാനം മാത്രമാണ്.
ഈ രംഗത്ത് കൂടുതല്‍ വളര്‍ച്ചാ സാധ്യത നിലവിലുണ്ട്. ചൈനയെ അപേക്ഷിച്ച് ഇന്ത്യ-യുകെ കരാര്‍ കൂടുതല്‍ ബാധിക്കുക തെക്കുകിഴക്കന്‍ ഏഷ്യന്‍ സമ്പദ് വ്യവസ്ഥകളെ ആയിരിക്കും. ഇവരുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയുടെ നഷ്ടം നിസ്സാരമായിരിക്കും എന്നാണ് കരുതപ്പെടുന്നത്.
2023 ല്‍ യുകെയുമായി തന്ത്രപ്രധാന പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട ഇന്തോനേഷ്യയക്ക് ഇന്ത്യയുമായി കടുത്ത മത്സരം നേരിടേണ്ടി വരും. ഇതില്‍ സ്‌പോര്‍ട്‌സ് ഫുട്വെയറും ട്രൈസൈക്കിളുകള്‍, സ്‌കൂട്ടറുകള്‍, പെഡല്‍ കാറുകള്‍ തുടങ്ങിയ കളിപ്പാട്ടങ്ങളും ഉള്‍പ്പെടുന്നു.
തായ്‌ലന്റിന് 3.8 ശതമാനത്തിന് തുല്യമായ 200 മില്യണ്‍ ഡോളര്‍ മൂല്യമുള്ള കയറ്റുമതിയിലും വിയറ്റ്‌നാമിന് 346.6 മില്യണ്‍ ഡോളര്‍ മൂല്യമുള്ള കയറ്റുമതിയിലും മത്സരം നേരിടേണ്ടി വരും. ബംഗ്ലാദേശിന്റെ 4.8 ശതമാനം കയറ്റുമതി മേധാവിത്തം നഷ്ടമാകുമ്പോള്‍ പാക്കിസ്ഥാന്റെ കാര്യത്തിലിത് 2.3 ശതമാനമാണ്.
ഇന്ത്യ വിപണി പിടിച്ചടക്കുകയാണെങ്കില്‍ ഇത് 15 ശതമാനത്തോളം ഉയരാമെന്നും റിപ്പോര്‍ട്ട് പറയുന്നു.