
ന്യൂഡല്‍ഹി: ഇലക്ട്രോണിക് മാലിന്യ പുനരുപയോഗ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ചാക്രിക സമ്പദ് വ്യവസ്ഥയെ ഇന്ത്യ ഉത്തേജിപ്പിക്കുന്നു, നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്‌മണ്യം അറിയിച്ചു.വ്യാവസായിക പ്രധാന്യമുള്ള ലിഥിയത്തിനും മറ്റ് അപൂര്‍വ ധാതുക്കള്‍ക്കുമായി രാജ്യം ഇറക്കുമതിയെ ആശ്രയിക്കുകയാണ്. അതേസമയം പുനരുപയോഗിക്കാത്ത ഇലക്ട്രോണിക് മാലിന്യങ്ങളില്‍ ഇവ പരിസ്ഥിതി നാശമുണ്ടാക്കുന്നു.
ഈ സാഹചര്യത്തില്‍ ഇ-വെയ്സ്റ്റ് പുനരുപയോഗത്തിന് വലിയ സാധ്യതകളാണുള്ളത്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (എംഇഐടിവൈ) സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്യവേ സുബ്രഹ്‌മണ്യം പറഞ്ഞു. 2030-ഓടെ ഇന്ത്യ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് രാജ്യം.’പ്രൊമോട്ട് സര്‍ക്കുലറി കാമ്പയിന്‍’ പ്രകാരം മിഷന്‍ ലിഫെയുടെ ഭാഗമായി, ചെലവ് കുറഞ്ഞ ലി-അയണ്‍ ബാറ്ററി റീസൈക്ലിംഗ് സാങ്കേതികവിദ്യ ഒന്‍പത് റീസൈക്ലിംഗ് വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും എംഇഐടിവൈ കൈമാറി. തെലങ്കാന സര്‍ക്കാരിന്റെയും വ്യവസായ പങ്കാളിയായ ഗ്രീന്‍കോ എനര്‍ജിസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സഹകരണത്തോടെ ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍ ഫോര്‍ ഇലക്ട്രോണിക്‌സ് ടെക്‌നോളജിയില്‍ (സി-മെറ്റ്) സ്ഥാപിച്ച സെന്റര്‍ ഓഫ് എക്‌സലന്‍സ് ഓണ്‍ ഇ-വേസ്റ്റ് മാനേജ്‌മെന്റിന് കീഴിലാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. പ്രാദേശിക റീസൈക്ലിംഗ് വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി സി-മെറ്റ് കുറഞ്ഞ ചെലവില്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നുണ്ട്.
സി-മെറ്റിന്റെ ശ്രമത്തെ ചടങ്ങില്‍ സംസാരിച്ച എംഇഐടിവൈ സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ്മ പ്രശംസിച്ചു.