
ഓണ്‍ലൈന്‍ ഭക്ഷ്യ, പലചരക്ക് വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിക്ക് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്. 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 158 കോടിയിലധികം രൂപ അധിക നികുതി ആവശ്യപ്പെട്ടാണ് നോട്ടീസ്.
ബെംഗളൂരുവിലെ സെന്‍ട്രല്‍ സര്‍ക്കിള്‍ ആദായനികുതി ഡെപ്യൂട്ടി കമ്മീഷണറാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കമ്പനി അറിയിച്ചു.
1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 37 പ്രകാരം വ്യാപാരികള്‍ക്ക് ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍ അനുവദിക്കാത്തതും ആദായനികുതി റീഫണ്ടിന് ലഭിക്കുന്ന പലിശ, നികുതി നല്‍കേണ്ട വരുമാനത്തില്‍ ഉള്‍പ്പെടുത്താത്തതും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടതാണ് നോട്ടീസ്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മറ്റൊരു ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് ചരക്ക് സേവന നിരുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഡെലിവറി ചാര്‍ജുകളുടെ ജിഎസ്ടി പലിശയും പിഴയും ഉള്‍പ്പെടെ അടയ്ക്കാത്തതിനെ തുടര്‍ന്ന് 803.4 കോടിയുടെ നോട്ടീസാണ് കമ്പനിക്ക് ലഭിച്ചത്.
നികുതി നോട്ടീസിനെതിരെ സ്വിഗ്ഗി അപ്പീല്‍ നല്‍കും
ഉത്തരവിനെതിരെ ശക്തമായ വാദം കമ്പനി മുന്നോട്ട് വയ്ക്കുമെന്നും പുനഃപരിശോധന അപ്പീല്‍ വഴി തങ്ങളുടെ നിലപാട് സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
ഈ ഉത്തരവ് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയിലും പ്രവര്‍ത്തനങ്ങളിലും പ്രതികൂലമായ സ്വാധീനം ചെലുത്തില്ലെന്നും കമ്പനി വ്യക്തമാക്കി.
2024 നവംബര്‍ 13-ന് ആണ് സ്വിഗ്ഗി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. വിപണിയില്‍ പ്രവേശിച്ചതുമുതല്‍ സ്വിഗിയുടെ ഓഹരികള്‍ സമ്മര്‍ദ്ദത്തിലായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കമ്പനിയുടെ ഓഹരികള്‍ 38.88% ഇടിഞ്ഞു.
2024 ജൂണ്‍ പാദത്തില്‍ സ്വിഗ്ഗി 611.1 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 3,310.11 കോടി രൂപയാണ് ഈ കാലയളവിലെ കമ്പനിയുടെ വരുമാനം. 2024 മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം നഷ്ടം 2,350.24 കോടി രൂപയിലെത്തിയിട്ടുണ്ട്.