
കൊച്ചി: ആഗോള വിപണിയുടെ സാദ്ധ്യതകൾ മുതലെടുത്ത് രാജ്യത്തെ വാഹന കയറ്റുമതി മേഖല ചരിത്ര മുന്നേറ്റം കാഴ്ചവെക്കുന്നു, നടപ്പു സാമ്പത്തികവർഷത്തിൽ വിവിധ വാഹന നിർമ്മാതാക്കളുടെ കയറ്റുമതിയിൽ മുൻപൊരിക്കലുമില്ലാത്ത വളർച്ചയാണ് ദൃശ്യമാകുന്നത്.
ആഗോള വിപണിയിൽ ഇന്ത്യൻ വാഹന ബ്രാൻഡുകൾക്ക് മുൻപൊരിക്കലുമില്ലാത്ത രീതിയിൽ പ്രിയം കൂടുകയാണെന്ന് ഔ രംഗത്തുള്ളവർ പറയുന്നു.
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായതിനാൽ കയറ്റുമതി വിപണിയിൽ ഇന്ത്യൻ കാറുകൾക്ക് ആഗോള വിപണിയിൽ മികച്ച മത്സരക്ഷമത കാഴ്ചവെക്കാൻ കഴിയുന്നുവെന്ന് കമ്പനികൾ പറയുന്നു.
പുതിയ കണക്കുകളനുസരിച്ച് മുൻനിര കമ്പനികളായ ടൊയോട്ട കിർലോസ്ക്കർ, വോക്‌സ്‌വാഗൻ, ഹ്യൂണ്ടായ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഹോണ്ട, സ്ക്കോഡ തുടങ്ങിയ കമ്പനികളെല്ലാം കയറ്റുമതി വിപണിയിൽ റെക്കാഡ് മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്.
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഈ വർഷം 2.62 ലക്ഷം വാഹനങ്ങൾ ആഗോള വിപണിയിലേക്ക് കയറ്റി അയച്ച് ചരിത്ര നേട്ടമാണ് കൈവരിച്ചത്.
ഇന്ത്യൻ വാഹന വിപണി അതിവേഗത്തിൽ ആഗോള നിലവാരത്തിലുള്ള നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനാൽ കയറ്റുമതി വിപണിയിൽ മികച്ച വളർച്ച നേടാൻ കഴിയുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ മറ്റ് വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ നിർമ്മാണ ചെലവ് ഗണ്യമായി കുറഞ്ഞുനിൽക്കുന്നതും രാജ്യത്തെ കാർ നിർമ്മാതാക്കൾക്ക് വിപുലമായ സാദ്ധ്യതകളാണ് തുറന്നിടുന്നത്.
തൊഴിലാളികളുടെ കുറഞ്ഞ കൂലിച്ചെലവും അസംസ്‌കൃത സാധനങ്ങളുടെ വിലക്കുറവും ഇന്ത്യൻ കാർ നിർമ്മാതാക്കൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നത്.
നവീകരണത്തിലും സാങ്കേതികവിദ്യയിലും സുരക്ഷിതത്വത്തിലും മികച്ച നിക്ഷേപം നടത്തി പുതിയ മോഡലുകളും ബ്രാൻഡുകളും പുറത്തിറക്കി ആഗോള വിപണിയിൽ വളർച്ച നേടാനാണ് ഇന്ത്യൻ കാർ കമ്പനികൾ ശ്രമിക്കുന്നത്.
കഴിഞ്ഞ വർഷം വോക്സ്‌വാഗൻ കയറ്റുമതിയിൽ 29 ശതമാനം വർദ്ധനയാണ് നേടിയത്. സ്ക്കോഡയുടെ കയറ്റുമതി ഇക്കാലയളവിൽ 431 ശതമാനം ഉയർന്ന് 1,530 യൂണിറ്റുകളായി.
ആഗോള കമ്പനികൾ നിക്ഷേപമൊഴുക്കുന്നു.
ചൈനയുമായുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ മൂലം അമേരിക്കയിലെയും യൂറോപ്പിലെയും വമ്പൻ കമ്പനികൾ ബദൽ ഉത്പാദന മേഖലയായാണ് ഇന്ത്യയെ വിലയിരുത്തുന്നത്. ഇതിനാൽ ചൈനയിൽ നിന്നും പിന്മാറുന്ന കമ്പനികൾ പലതും ഇന്ത്യയിൽ വാഹന നിർമ്മാണ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ്.