
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഎസ്ടി (ചരക്ക് സേവന നികുതി) വരുമാനം തുടര്‍ച്ചയായ അഞ്ചാം മാസത്തിലും 1.4 ലക്ഷം കോടിയ്ക്ക് മുകളിലെത്തി. എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ ചരക്ക് സേവന നികുതി വരുമാനമാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. ജൂണ്‍ വില്‍പ്പനയുടെ നികുതിയാണ് ജൂലൈ മാസത്തില്‍ ശേഖരിക്കുക.
ഔദ്യോഗിക കണക്കനുസരിച്ച് 1,48,995 കോടി രൂപയാണ് ജൂലൈയില്‍ പിരിച്ച ജിഎസ്ടി വരുമാനം. തൊട്ടുമുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 28 ശതമാനം വര്‍ധനവാണിത്. 1,16,393 കോടി രൂപയാണ് 2021 ജൂലൈയില്‍ ശേഖരിച്ചത്.
ഈവര്‍ഷം ജൂണില്‍ പിരിച്ച മെയ് മാസത്തിലെ വരുമാനം 1,45,000 കോടി രൂപയായിരുന്നു.ഏറ്റവും കൂടുതല്‍ നികുതി ശേഖരിച്ചത് ഈ വര്‍ഷം ഏപ്രിലിലാണ്, 167,540 കോടി രൂപ. ജൂലൈയില്‍ പിരിച്ച ജിഎസ്ടി വരുമാനത്തില്‍ 25,751 കോടി രൂപ കേന്ദവിഹിതവും 32,807 കോടി രൂപ സംസ്ഥാനവിഹിതവുമാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സംയുക്തമായി ലഭ്യമായത് 10,920 കോടി രൂപ. ഇറക്കുമതി ചരക്കുകളുടെ മേല്‍ ചുമത്തിയ 995 കോടിയും ഇതില്‍ ഉള്‍പ്പെടുന്നു. സംയുക്ത ജിഎസ്ടി 32,365 കോടി രൂപ, 26,774 കോടി രൂപ എന്നിങ്ങനെ യഥാക്രമം കേന്ദ്ര, സംസ്ഥാനങ്ങള്‍ വീതിച്ചെടുത്തു.
ഇതോടെ കേന്ദ്രത്തിന്റെ മൊത്തം വരുമാനം 58116 കോടി രൂപയും സംസ്ഥാനങ്ങളുടേത് 59,581 കോടി രൂപയുമായി മാറി. ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം ഈ മാസത്തില്‍ 48% കൂടുതലാണ്. ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉള്‍പ്പെടെ) 22 ശതമാനം വര്‍ധിപ്പിക്കാനും സര്‍ക്കാറിനായി.
ചില ഇളവുകള്‍ പിന്‍വലിച്ചും, ചില സാധന,സേവങ്ങളുടേത് കൂട്ടിയുമുള്ള ജിഎസ്ടി നിരക്കുകള്‍ ജൂലൈ 18 ന് നിലവില്‍ വന്നിരുന്നു. മൂല്യ ശൃംഖലയിലെ കാര്യക്ഷമതയില്ലായ്മ നികത്താനാണ് ജിഎസ്ടി നിരക്കുകളില്‍ വര്‍ധനവ് വരുത്തിയതെന്ന് ധനമന്ത്രി പറഞ്ഞു. വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മൂലധനച്ചെലവുകള്‍, സാമ്പത്തിക വര്‍ഷത്തില്‍ വിജയകരമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും സംസ്ഥാനങ്ങളെ പിന്തുണക്കുമെന്നും മന്ത്രി അറിയിച്ചു.
ജിഎസ്ടി സ്ലാബുകളുടെ വിപുലമായ പരിഷ്‌കരണം മാറ്റിവച്ചിരുന്നു. നിരക്ക് യുക്തിസഹമാക്കല്‍ സംബന്ധിച്ച് മന്ത്രിമാരുടെ സംഘത്തിന് (ജിഒഎം) ശുപാര്‍ശകള്‍ നല്‍കാന്‍ കൗണ്‍സില്‍ മൂന്ന് മാസം കൂടി അനുവദിച്ചതിനാലാണ് ഇത്.