
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമത്തില്‍ സമൂല മാറ്റത്തിനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രധാനമായും സ്ലാബുകള്‍ രണ്ടായി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. 5 ശതമാനവും 18 ശതമാനവും.
ആഢംബര വിഭാഗത്തില്‍ പെട്ടതും ഹാനികരവുമായ ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം നികുതി ചുമത്തും. ഇതോടെ നിലവില്‍ 12 ശതമാനം നികുതി വഹിക്കുന്ന ഉത്പന്നങ്ങള്‍ 5 ശതമാനം സ്ലാബിലേയ്ക്കും 28 ശതമാനം നികുതിയുള്ളവ 18 ശതമാനം സ്ലാബിലേയ്ക്കും മാറും.
നിത്യോപയോഗ സാധനങ്ങള്‍ മിക്കവാറും 5 ശതമാനം സ്ലാബിലുള്‍പ്പെടുമ്പോള്‍ പുകയില പോലുള്ളവയാണ് 40 ശതമാനം സ്ലാബില്‍ പെടുക.അതേസമയം പുകയിലയ്ക്ക് നിലവിലെ 80 ശതമാനം നികുതി നിലനിര്‍ത്തും.
തൊഴിലധിഷ്ഠിത, കയറ്റുമതി കേന്ദ്രീകൃത മേഖലകളായ ഡയമണ്ട്, അമൂല്യ രത്‌നങ്ങള്‍ എന്നിവയ്ക്ക് നിലവിലെ ജിഎസ്ടി ബാധകമാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ജിഎസ്ടി പരിഷ്‌ക്കരണം യാഥാര്‍ത്ഥ്യമാകുന്നതോടെ ഉപഭോഗം കുതിച്ചുയരുമെന്നാണ് കരുതപ്പെടുന്നത്.
ഇതോടെ നികുതി കുറയ്ക്കുന്നത് മൂലമുള്ള വരുമാന നഷ്ടം നികത്തപ്പെടും.
നിലവിലെ ജിഎസ്ടി ഘടനയില്‍ 18 ശതമാനം സ്ലാബാണ് വരുമാനത്തിന്റെ 65 ശതമാനവും സംഭാവന ചെയ്യുന്നത്. 28 ശതമാനം വിഭാഗം 11 ശതമാനവും 12 ശതമാനം സ്ലാബ് 5 ശതമാനവും 5 ശതമാനം വിഭാഗം 7 ശതമാനവും സംഭാവന ചെയ്യുന്നു.