
മുംബൈ:രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ക്കും, കസ്റ്റോഡിയന്‍മാര്‍ക്കും, ഇടനിലക്കാര്‍ക്കും സൈബര്‍ സുരക്ഷാ ഓഡിറ്റുകള്‍ നിര്‍ബന്ധമാക്കി. ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവ് കണക്കിലെടുത്താണിത്. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതും ഇന്ത്യയുടെ സൈബര്‍സ്പേസ് സുരക്ഷിതമാക്കുന്നതിന് ഉത്തരവാദിയുമായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT-In) അംഗീകരിച്ച സുരക്ഷാ സ്ഥാപനങ്ങളാണ് ഓഡിറ്റുകള്‍ നടത്തുക.
കൂടാതെ, വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകള്‍ (വിഡിഎ)യുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്റ്റ് (പിഎംഎല്‍എ) പ്രകാരം ബാങ്കുകള്‍ നടപ്പാക്കുന്ന മാനദണ്ഡങ്ങള്‍ ഈ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.
ജിയോട്ടസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ 20 മുതല്‍ 25 ശതമാനം ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ടതാണ്. ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകള്‍ ഹാക്ക് ചെയ്യുന്നതും മോഷ്ടിക്കുന്ന ആസ്തികള്‍ വിദേശ സ്ഥാപനങ്ങളുടെ നെറ്റ് വര്‍ക്കുകള്‍ വഴി വെളുപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. മോഷ്ടിച്ച ആസ്തികള്‍ സ്വകാര്യതയെ അടിസ്ഥാനമാക്കിയുള്ള നാണയങ്ങളാക്കി മാറ്റുക, ഇടപാട് പാതകള്‍ മറയ്ക്കാന്‍ മിക്‌സറുകളോ ടംബ്ലറുകളോ ഉപയോഗിക്കുക, ഡാര്‍ക്ക്‌നെറ്റ് എക്സ്ചേഞ്ചുകളില്‍ ഫണ്ടുകള്‍ പാര്‍ക്ക് ചെയ്യുക എന്നിവയാണ് സൈബര്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍.
ക്രിപ്റ്റോ സുരക്ഷയുടെ ഏറ്റവും നിര്‍ണായക വശങ്ങളിലൊന്ന് സ്വകാര്യ കീകളുടെ സംരക്ഷണമാണ് – ഡിജിറ്റല്‍ ആസ്തികളിലേക്ക് ആക്സസ് നല്‍കുന്ന ആല്‍ഫാന്യൂമെറിക് കോഡുകളാണിവ. ഈ കീകള്‍ സംഭരിക്കുന്നത് സുരക്ഷിതമായിട്ടാണെന്ന് ഓഡിറ്റര്‍മാര്‍ ഉറപ്പുവരുത്തും.
ഏതെങ്കിലും സ്ഥാപനം പിഎംഎല്‍എ ലംഘിക്കുകയാണെങ്കില്‍ രജിസ്‌ട്രേഷന്‍ നിരസിക്കാനോ റദ്ദാക്കാനോ ഉള്ള അധികാരം ഫിനാന്‍ഷ്യല്‍ ഇന്റലിജന്റ്‌സ് യൂണിറ്റ് (FIU) നിലനിര്‍ത്തുന്നു. ക്രിപ്റ്റോ പ്ലാറ്റ്ഫോമുകള്‍ക്കായി സര്‍ക്കാര്‍ ആന്റി-മണി ലോണ്ടറിംഗ് നിയമങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
അതേസമയം പരമ്പരാഗത സൈബര്‍ സുരക്ഷാ ഓഡിറ്റര്‍മാര്‍, ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളുടെ ദുര്‍ബലതകള്‍ വിലയിരുത്താന്‍ സജ്ജരാണോ എന്നതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്.