
ന്യൂഡല്‍ഹി: ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റ പരിരക്ഷണ ബില്ലിന്റെ കരട് പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചു. വ്യക്തിഗത ഡാറ്റയെക്കുറിച്ച് മാത്രമാണ് ബില്ലില്‍ പ്രതിപാദിച്ചിട്ടുള്ളത്. വ്യക്തി ഇതര ഡാറ്റയെക്കുറിച്ച് പരാമര്‍ശമില്ല.
വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം ബില്‍ അടുത്ത ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നിയമലംഘനത്തിന് കമ്പനികളുടെ മേല്‍ 500 കോടി രൂപ വരെ പിഴചുമത്താനാണ് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഡാറ്റ പ്രോസസ്സ് ചെയ്യുന്ന സ്ഥാപനം വ്യക്തമായ ഭാഷയില്‍, ശേഖരിക്കാന്‍ ആഗ്രഹിക്കുന്ന ഡാറ്റയെക്കുറിച്ച് ഒരു ഐറ്റമൈസ്ഡ് നോട്ടീസ് ഉപയോക്താവിന് നല്‍കണം.
വിവരങ്ങള്‍ പങ്കിടാന്‍ ഉപയോക്താവിന്റെ സമ്മതം ആവശ്യമാണ്. ഡാറ്റ മാനേജുചെയ്യാനും പിന്‍വലിക്കാനുമുള്ള അവകാശം ഉപഭോക്താവിന് അനുവദിക്കണം തുടങ്ങിയവ വ്യവസ്ഥകളുമുണ്ട്. കുട്ടികളെ ട്രാക്ക് ചെയ്യല്‍, അവരുടെ പെരുമാറ്റ നിരീക്ഷണം, കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യം തുടങ്ങിയ കാര്യങ്ങള്‍ ഡാറ്റ ഏറ്റെടുക്കുന്നയാള്‍ അനുവര്‍ത്തിക്കാന്‍ പാടില്ല.
കുട്ടികളുടെ ഡാറ്റ പ്രൊസസിന് മുന്‍പ് മാതാപിതാക്കളുടെ സമ്മതം വാങ്ങിയിരിക്കണം. കുട്ടികളുമായി ബന്ധപ്പെട്ട ബാധ്യതകള്‍ നിറവേറ്റിയില്ലെങ്കില്‍ 200 കോടി രൂപവരെയാണ് പിഴ. ഡാറ്റ പ്രാദേശികവല്‍ക്കരണത്തിന്റെ പ്രശ്‌നം നിര്‍ദ്ദിഷ്ട നിയന്ത്രണത്തിന്റെ ഒരു പ്രധാന ഭാഗമാണെന്ന് കരുതപ്പെട്ടിരുന്നെങ്കിലും, ഇത് സംബന്ധിച്ച് വലിയ തോതിലുള്ള പരാമര്‍ശങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല.
വ്യക്തിഗത ഡാറ്റ കൈമാറ്റം ചെയ്യാന്‍ സാധ്യതയുള്ള രാജ്യങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിക്കും എന്ന് മാത്രമാണ് പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. ഡാറ്റ ഉപയോക്താവിനെ സംബന്ധിച്ച ഒരു കൂട്ടം വ്യവസ്ഥകളും കരട് ബില്ലില്‍ പരാമര്‍ശിക്കുന്നു. തെറ്റായതോ ബാലിശമോ ആയ പരാതി ഡാറ്റാ ഫിഡ്യൂഷ്യറിയിലോ ബോര്‍ഡിലോ രജിസ്റ്റര്‍ ചെയ്യരുത്, തെറ്റായ വിവരങ്ങള്‍ നല്‍കുകയോ മറ്റൊരു വ്യക്തിയായി ആള്‍മാറാട്ടം നടത്തുകയോ ചെയ്യരുത് തുടങ്ങിയവയാണ് ഇത്.
അതേസമയം ‘കടമകള്‍’ പാലിക്കാത്തതിന് പിഴ ഉണ്ടാകുമോ എന്ന് വ്യക്തമല്ല.ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ പിഡിപി ബില്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് പുതിയ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ ആവശ്യമായി വന്നത്. സര്‍ക്കാര്‍ ഡാറ്റ ഉഭയസമ്മതത്തോടെ പ്രോസസ്സ് ചെയ്യാന്‍ അനുവദിക്കുന്ന സെക്ഷന്‍ 12ന്റെ കാര്യത്തിലും സര്‍ക്കാര്‍ ഏജന്‍സിയെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്ലിലെ സെക്ഷന്‍ 35 സംബന്ധിച്ചുമാണ് മുന്‍ ബില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റത്.