
ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നടത്തിയ പ്രവചനങ്ങള്‍ക്ക് അനുസൃതമായി 2022-23 ല്‍ സമ്പദ്‌വ്യവസ്ഥ 7-7.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. 2021-22 സാമ്പത്തികവര്‍ഷത്തില്‍ 8.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് രാജ്യം നേടിയത്. ‘7.4 ശതമാനത്തിലേയ്ക്കുള്ള വളര്‍ച്ചയിലാണ് ഞങ്ങള്‍. അത് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 7.4 ശതമാനമാണ് ഐഎംഎഫിന്റെയും പ്രവചനം’ ധനകാര്യ സെക്രട്ടറി ടി വി സോമനാഥന്‍ പറഞ്ഞു.
ജിഡിപി കണക്കുകള്‍ പുറത്തുവിട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സമ്പദ്‌വ്യവസ്ഥ 13.5 ശതമാനം വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. ഇത് ആര്‍ബിഐയുടെ പ്രവചനമായ 16.2 ശതമാനത്തേക്കാള്‍ വളരെ താഴെയാണ്.
എന്നാല്‍ നിലവിലെ ജിഡിപി കണക്കുകള്‍ വാര്‍ഷിക വളര്‍ച്ചയെ പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്നില്ലെന്ന് സോമനാഥന്‍ പറഞ്ഞു. ആഗോള സ്ഥാപനങ്ങളുടേയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും അനുമാനമാണ് കണക്കിലെടുക്കേണ്ടത്. ഐഎംഎഫിന്റെയും ആര്‍ബിഐയുടെയും പ്രവചനം ചൂണ്ടിക്കാട്ടി ധനകാര്യ സെക്രട്ടറി പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക ജിഡിപി അനുമാനം 7.2 ശതമാനമാണ്.
അതേസമയം ആദ്യ പാദത്തില്‍ മൊത്ത സ്ഥിര മൂലധന രൂപീകരണം (ജിഎഫ്‌സിഎഫ്) ജിഡിപി യുടെ (2011-12 വിലയില്‍) 34.7 ശതമാനമായ കാര്യം സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത് ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വര്‍ഷത്തെ ആദ്യ പാദത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിവിധ പരിഷ്‌കാരങ്ങളും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും കാപെക്‌സ് സൈക്കിളിന്റെ പുനരുജ്ജീവനവും സ്വകാര്യ നിക്ഷേപത്തിന്റെ വര്‍ധനവുമാണ് മെച്ചപ്പെട്ട സ്ഥിര മൂലധനം രൂപീകരിച്ചത്, അജയ് സേത്ത് പറഞ്ഞു.
2022-23 ന്റെ ആദ്യ പാദത്തില്‍ 1.75 ലക്ഷം കോടി രൂപയാണ് മൂലധന ചെലവ്. ഇത് ബജറ്റ് എസ്റ്റിമേറ്റിന്റെ 23.4 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 57 ശതമാനം കൂടുതലുമാണ്. ഫിക്‌സഡ് ക്യാപിറ്റല്‍ രൂപീകരണവും സ്വകാര്യ ഉപഭോഗവും ആദ്യ പാദത്തില്‍ വളരെ ശക്തമാണ്, ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് ശുഭസൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.