
ഡൽഹി: 2022 ജൂണിൽ അവസാനിച്ച പാദത്തിൽ ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ അറ്റാദായം 80 ശതമാനം വർധിച്ച് 349 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 194 കോടി രൂപയായിരുന്നു. അതേപോലെ 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ നികുതിക്ക് മുമ്പുള്ള ലാഭം (PBT) 80.1 ശതമാനം വർധിച്ച് 465 കോടി രൂപയായി. കൂടാതെ 2022-23 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ മൊത്ത നേരിട്ടുള്ള പ്രീമിയം വരുമാനം (ജിഡിപിഐ) 28.2 ശതമാനം ഉയർന്ന് 5,370 കോടി രൂപയായതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. 2021-22ലെ ഇതേ പാദത്തിലെ ജിഡിപിഐ 4,188 കോടി രൂപയായിരുന്നു.
കമ്പനിയുടെ സോൾവൻസി റേഷ്യോ ജൂൺ 30, 2022 ന് 2.61 മടങ്ങ് ആയിരുന്നുവെന്ന് ഇൻഷുറർ പറഞ്ഞു. പ്രസ്തുത പാദത്തിലെ റിട്ടേൺ ഓൺ ആവറേജ് ഇക്വിറ്റി (ROAE) 15 ശതമാനമായിരുന്നു. ഐസിഐസിഐ ലോംബാർഡ് മോട്ടോർ, ആരോഗ്യം, വിള, തീ, വ്യക്തിഗത അപകടം, മറൈൻ, എഞ്ചിനീയറിംഗ്, ബാധ്യതാ ഇൻഷുറൻസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. അതേസമയം, ഐസിഐസിഐ ലോംബാർഡിന്റെ സ്റ്റോക്ക് ബിഎസ്ഇയിൽ 2.67 ശതമാനം ഇടിഞ്ഞ് 1,238.85 രൂപയിലെത്തി.