ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്

ചട്ടം ലംഘിച്ചു നിർമിച്ച കെട്ടിടങ്ങൾ ഫീസ് അടച്ചു ക്രമപ്പെടുത്താം

തിരുവനന്തപുരം: ചട്ടം ലംഘിച്ചു നിർമിച്ച കെട്ടിടങ്ങൾ പണം അടച്ചു ക്രമപ്പെടുത്താം. വിജ്ഞാപനം ചെയ്ത റോഡുകളിൽനിന്ന് മൂന്നു മീറ്റർ ദൂരപരിധി പാലിക്കാത്ത കെട്ടിടങ്ങൾക്കാണ് ഫീസ് അടച്ച് ക്രമവത്കരണം സാധ്യമാകുക.

ഗ്രാമപഞ്ചായത്തുകളിൽ 100 ചതുരശ്ര മീറ്ററിൽ താഴെ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങൾക്ക് അപേക്ഷാ ഫീസ് ഇല്ല. 100 ചതുരശ്ര മീറ്ററിനു മുകളിൽ 200 ചതുരശ്ര മീറ്റർ വരെ 1000 രൂപയും 200നും 500നും ഇടയിൽ 3500 രൂപയും 500 ചതുരശ്ര മീറ്ററിനു മുകളിൽ 1000 ചതുരശ്ര മീറ്റർ വരെ 5000 രൂപയുമാണ് അപേക്ഷാ ഫീസ്.

1000 ചതുരശ്ര മീറ്ററിനു മുകളിൽ പാർപ്പിട ആവശ്യത്തിനുള്ള കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ 10,000 രൂപയും തുടർന്നു വരുന്ന ഓരോ ചതുരശ്ര മീറ്ററിനും 50 രൂപവീതവും നൽകണം.

വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് 60 ചതുരശ്ര മീറ്റർ വരെ അപേക്ഷാ ഫീസ് ഇല്ല. 60നും 100 ചതുരശ്ര മീറ്ററിനും മധ്യേ 1000 രൂപയും 100നും 200നും മധ്യേ 2500 രൂപയും 200നും 500നും മധ്യേ 5000 രൂപയും 500നും 1000 നും മധ്യേ 7500 രൂപയുമാണു നിരക്ക്.

കേരള പഞ്ചായത്ത്- മുൻസിപ്പാലിറ്റി അനധികൃത കെട്ടിടങ്ങൾ ക്രമപ്പെടുത്തൽ ചട്ടങ്ങൾ 2023 ഭേദഗതി സർക്കാർ പ്രാബല്യത്തിലാക്കി. മുൻകാലങ്ങളിൽ 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെയായിരുന്നു ക്രമവത്കരണ അപേക്ഷാ ഫീസിൽ നിന്ന് ഒഴിവാക്കിയത്. ഈ ഇളവ് 100 സ്ക്വയർ മീറ്റർ വരെയാക്കി വർധിപ്പിച്ചിട്ടുമുണ്ട്.

മുൻസിപ്പാലിറ്റിയുടെയും പഞ്ചായത്തിന്‍റെയും അപേക്ഷാ ഫീസ് വ്യത്യസ്തമായിരുന്നത് ഏകീകരിച്ചു. വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും ക്രമവത്കരണത്തിന്‍റെ അപേക്ഷാഫീസും വെട്ടിക്കുറച്ചു.

അംഗീകൃത നഗര വികസന പദ്ധതികൾക്ക് വിരുദ്ധമായത്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത്, നെൽവയൽ- തണ്ണീർത്തട നിയമം ലംഘിക്കുന്നത് തുടങ്ങിയവ ഒഴികെയുള്ള കെട്ടിടങ്ങൾക്കാണ് ക്രമവത്കരണം സാധ്യമാകുന്നത്.

2019 നവംബർ 7നോ മുൻപോ നിർമാണം ആരംഭിച്ചതോ പൂർത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് ക്രമപ്പെടുത്താനാവുക. ഇതിന് ആവശ്യമായ രീതിയിൽ 1994 ലെ കേരള മുൻസിപ്പാലിറ്റി ആക്ടിലെ 407(1) വകുപ്പ്, കേരള പഞ്ചായത്ത്‌രാജ് ആക്ടിലെ 235 എബി(1) വകുപ്പ് എന്നിവ ഭേഗദതി ചെയ്താണ് ചട്ടം നിലവിൽ വന്നത്.

പല കാരണങ്ങളാൽ ചട്ടലംഘനം ഉണ്ടായ നിരവധി കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ സാധിക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സർക്കാർ ഇടപെടൽ ഉണ്ടായതെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

കെട്ടിട ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തിൽ വർധനവുണ്ടാക്കാനും നടപടി സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

എങ്ങനെ അപേക്ഷിക്കാം?
നിശ്ചിത ഫോറത്തിലുള്ള ക്രമപ്പെടുത്തൽ അപേക്ഷകൾ കെട്ടിടത്തിന്‍റെ പ്ലാനും മറ്റ് അനുബന്ധ രേഖകളും സഹിതം തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിക്കാണ് സമർപ്പിക്കേണ്ടത്.

നിശ്ചിത നിരക്കിലുള്ള അപേക്ഷാ ഫീസും ഒടുക്കണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകൾ ജില്ലാതലത്തിലുള്ള ക്രമവത്കരണ കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കും.

ജില്ലാ ജോയിന്‍റ് ഡയറക്ടർ ചെയർമാനും ജില്ല ടൗണ്‍ പ്ലാനർ കണ്‍വീനറും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറിയും എൻജിനിയറും അംഗങ്ങളായുള്ളതാണ് ജില്ലാതല ക്രമപ്പെടുത്തൽ കമ്മിറ്റി. കമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുള്ളവർക്ക് സംസ്ഥാനതലത്തിലെ അപ്പീൽ കമ്മിറ്റിയെ സമീപിക്കാം.

പ്രിൻസിപ്പൽ ഡയറക്ടർ ചെയർമാനും ചീഫ് ടൗണ്‍ പ്ലാനർ കണ്‍വീനറുമായിട്ടുള്ള സംസ്ഥാനതല കമ്മിറ്റിയിൽ റൂറൽ- അർബൻ ഡയറക്ടർ, ചീഫ് എൻജിനിയർ എന്നിവർ അംഗങ്ങളാണ്.

സംസ്ഥാന തല അപ്പീൽ കമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുള്ളവർക്ക് സർക്കാർ തലത്തിൽ അപ്പലറ്റ് അഥോറിറ്റിയായ തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അപ്പീൽ നൽകാം.

X
Top