ഡൽഹി: കഴിഞ്ഞ വർഷം ബിനാ റിഫൈനറി പദ്ധതിയിലെ ഒമാൻ ഓയിൽ കമ്പനിയുടെ ഓഹരികൾ 2,400 കോടി രൂപയ്ക്ക് വാങ്ങിയതിനെത്തുടർന്ന്, സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഭാരത് ഒമാൻ റിഫൈനറീസിനെ (ബിഒആർഎൽ) കമ്പനിയുമായി ലയിപ്പിച്ചു. ലയനം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു. ബിഒആർഎല്ലിന് മധ്യപ്രദേശിൽ 7.8 ദശലക്ഷം ടൺ എണ്ണ ശുദ്ധീകരണശാലയുണ്ട്. ഇതിനൊപ്പം ബിപിസിഎല്ലിന്റെ മുംബൈയിലെയും കൊച്ചിയിലെയും റിഫൈനറികൾക്ക് ഏകദേശം 35.3 ദശലക്ഷം ടൺ ശുദ്ധീകരണ ശേഷിയുണ്ട്. 47 തരം ക്രൂഡുകളാണ് ബിനാ റിഫൈനറി പ്രോസസ്സ് ചെയ്യുന്നത്.
ബിന റിഫൈനറിയുടെ സംയോജനത്തോടെ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഊർജ്ജ വിപണിയിൽ കൂടുതൽ ഫലപ്രദമായും ലാഭകരമായും മത്സരിക്കാനുള്ള കഴിവുകൾ തങ്ങൾ വികസിപ്പിക്കുമെന്ന് ബിപിസിഎൽ സിഎംഡി അരുൺ കുമാർ സിംഗ് പ്രസ്താവനയിൽ പറഞ്ഞു. ഈ സംയോജനം ഇരു കമ്പനികൾക്കും പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. ബിപിസിഎല്ലിനും അതിന്റെ ഗ്രൂപ്പ് കമ്പനികൾക്കും എണ്ണ-വാതക വ്യവസായത്തിന്റെ അപ്‌സ്ട്രീം, റിഫൈനിംഗ്, ഡൗൺസ്ട്രീം മൂല്യ ശൃംഖലയിൽ സാന്നിധ്യമുണ്ടെങ്കിലും, പൈപ്പ് ലൈനുകളുടെ ഒരു ശൃംഖലയിലൂടെ ബിഒആർഎൽ ഉത്തര, മധ്യ ഇന്ത്യയിൽ ഉൽപ്പന്ന സുരക്ഷയും ലോജിസ്റ്റിക് നേട്ടവും നൽകുന്നു.
അസംസ്‌കൃത എണ്ണ വാങ്ങുമ്പോൾ ചെലവ് ഒപ്റ്റിമൈസേഷൻ, ക്രൂഡ് ഫീഡ്‌സ്റ്റോക്ക് തിരഞ്ഞെടുപ്പിലെ വഴക്കം, ഉൽപ്പാദന ആസൂത്രണത്തിലെ ഒപ്റ്റിമൈസേഷൻ, റിഫൈനറികൾക്കുള്ള ഉൽപ്പന്ന മിശ്രിതം എന്നിവയുടെ നേട്ടങ്ങൾ ഇതിലൂടെ കൊയ്യാനാകുമെന്ന് ബിപിസിഎൽ പ്രതീക്ഷിക്കുന്നു. അതേസമയം ഈ ലയനത്തിലൂടെ ബിന റിഫൈനറിക്ക് അതിന്റെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ബിപിസിഎല്ലിന്റെ മാർക്കറ്റിംഗ് നെറ്റ്‌വർക്കിലേക്ക് അനിയന്ത്രിതമായ പ്രവേശനം ഉണ്ടായിരിക്കും.