
ന്യൂഡല്ഹി: സര്‍വകലാശാല ഗവേഷണത്തിന് ധനസഹായം നല്കുന്നതിന് ദേശീയ ഏജന്‌സി രൂപീകരിക്കുന്നു. ഇതിനുള്ള ബില് വെള്ളിയാഴ്ച ലോക്‌സഭയില് അവതരിപ്പിച്ചു. അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബില്‍ -2023 ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗാണ് അവതരിപ്പിച്ചത്.
50,000 കോടി രൂപയുടെ ഫണ്ട് സൃഷ്ടിക്കാനാണ് ശ്രമം. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പണം ഉപയോഗിച്ച് കോര്‍പറേറ്റ് മേഖലയുടെ സഹായത്തോടെയാണ് ഫണ്ട് രൂപീകരിക്കുക. 2021 ലെ മൊത്തം സിഎസ്ആര്‍ ഫണ്ട് കിറ്റി 24,860 കോടി രൂപ മാത്രമായിരുന്നെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിക്കുന്നു.
അതായത് ഗവേഷണത്തിനും വികസനത്തിനും സിഎസ്ആര്‍ ഫണ്ടിന്റെ ചെറിയ ഭാഗം മാത്രമാണ് ലഭിക്കുന്നത്്. ഈ സാഹചര്യത്തില്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ വഴി, ഗവേഷണ വികസനത്തിനായി കുറഞ്ഞത് 10 ശതമാനമെങ്കിലും സംഭാവന ചെയ്യാന്‍ കോര്‍പ്പറേറ്റ് മേഖലയെ പ്രോത്സാഹിപ്പിക്കും. ഗവേഷണത്തിനായി ചെലവഴിക്കുന്ന പണം ആത്യന്തികമായി വ്യവസായത്തിന് ഗുണം ചെയ്യുമെന്നും ബിസിനസുകള്‍ വളരാന്‍ സഹായിക്കുമെന്നും ഉദ്യോഗസ്ഥര്‍ വാദിച്ചു.
ഗവേഷണ വികസനത്തിനായി നീക്കിവച്ച ഫണ്ടിന്റെ 11 ശതമാനം മാത്രമാണ് സംസ്ഥാന സര്വകലാശാലകള്ക്ക് ലഭിക്കുന്നത്. ബാക്കി തുക ഐഐടിക്കും മറ്റ് ഉന്നത സ്ഥാപനങ്ങള്ക്കും ലഭ്യമാക്കുകയാണ്. അതുകൊണ്ടുതന്നെ ഗവേഷണ വികസന ഫണ്ടിംഗില്‍ ഉള്‍പ്പെടുത്തല്‍ വര്‍ദ്ധിപ്പിക്കും.
ഇതിനായി, സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡ് (എസ്ഇആര്‍ബി) എന്‍ആര്‍എഫില്‍ ഉള്‍പ്പെടുത്തുകയും അനുവദിച്ച പദ്ധതികള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും.വ്യത്യസ്ത ഫണ്ടുകള്‍ രൂപീകരിക്കാന്‍ ബില്‍ ശ്രമിക്കുന്നു.
നിയമത്തിന് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഫണ്ട്, ഫൗണ്ടേഷന്‍ പിന്തുണയ്ക്കുന്ന മേഖലകളില്‍ മികച്ച സര്‍ഗ്ഗാത്മകതയെ പിന്തുണയ്ക്കുന്നതിനുള്ള ഇന്നൊവേഷന്‍ ഫണ്ട്; സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡ് ആക്ട്, 2008 പ്രകാരം ആരംഭിച്ച പ്രോജക്ടുകളുടെയും പ്രോഗ്രാമുകളുടെയും തുടര്‍ച്ചയ്ക്കായി സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ഫണ്ട്; ഏതെങ്കിലും നിര്‍ദ്ദിഷ്ട പ്രോജക്റ്റിനോ ഗവേഷണത്തിനോ ഒന്നോ അതിലധികമോ സ്‌പെഷ്യല്‍ പര്‍പ്പസ് ഫണ്ടുകള്‍ എന്നിവയാണ് അവ.