ഇലക്ടറൽ ബെയറർ ബോണ്ട് സ്കീം – സെപ്റ്റംബർ 20222022 ഓഗസ്റ്റിൽ ആധാർ വഴി 23.45 കോടി e-KYC ഇടപാടുകൾ നടത്തിജില്ലാ ആശുപത്രികള്‍ സ്വകാര്യവത്ക്കരിക്കാനൊരുങ്ങി സംസ്ഥാനങ്ങള്‍വിദേശ നാണ്യ കരുതല്‍ ശേഖരം രണ്ട് വര്‍ഷത്തെ താഴ്ചയിലെത്തുമെന്ന് റോയിട്ടേഴ്‌സ് പോള്‍തന്ത്രപ്രധാന മേഖലയിലെ ആദ്യ സ്വകാര്യവത്കരണം ടെലികോം രംഗത്ത് നിന്ന്

5000 രൂപയുടെ നിക്ഷേപം 36 വര്‍ഷത്തിനുള്ളില്‍ 39500 കോടി രൂപയാക്കിയ ബിഗ് ബുള്‍

മുംബൈ: ഇന്ത്യന്‍ വാരന്‍ ബഫറ്റ് എന്നറിയപ്പെടുന്ന പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല നിര്യാതനായി. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ ഞായറാഴ്ച രാവിലെ 6.45 നായിരുന്നു അന്ത്യം. 62 കാരനായ നിക്ഷേപകന്റെ ആസ്തി 5 ബില്യണ്‍ ഡോളറോളം വരും. ആകാശ എയര്‍, സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് എന്നിവയുടെ പ്രൊമോട്ടര്‍ കൂടിയാണ് ജുന്‍ജുന്‍വാല.

1985 ല്‍ കോളജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഓഹരി നിക്ഷേപം തുടങ്ങിയ ജുന്‍ജുന്‍വാല പിന്നീട് ഇന്ത്യ കണ്ട എക്കാലത്തേയും വലിയ നിക്ഷേപകനായി മാറുകയായിരുന്നു. ഒരു ടാക്‌സ് ഓഫീസറുടെ മകനായി 1960 ലാണ് അദ്ദേഹം ജനിക്കുന്നത്. ബിഎസ്ഇ സെന്‍സെക്‌സ് 150 പോയിന്റ് നിലവാരത്തിലായിരുന്ന കാലത്ത് 5000 രൂപ മൂലധനവുമായി നിക്ഷേപം തുടങ്ങിയ രാകേഷ് ജുന്‍ജുന്‍വാലയുടെ ഇന്നത്തെ ആസ്തി 5 ബില്ല്യണ്‍ ഡോളര്‍ അഥവാ 39,527 കോടി രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ സമ്പാദ്യത്തില്‍ 15 ശതമാനം വര്‍ധനവുണ്ടായി.

രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപം
1986 ല്‍ ടാറ്റ ടീയില്‍ നിന്ന് നേടിയ 5 ലക്ഷം രൂപയാണ് ജുന്‍ജുന്‍വാലയുടെ ആദ്യ നേട്ടം. 43 രൂപയ്ക്ക് വാങ്ങിയ ടാറ്റ ടീ ഓഹരി 3 മാസത്തിന് ശേഷം 143 രൂപയ്ക്ക് അദ്ദേഹം വില്‍പന നടത്തുകയായിരുന്നു. ഏറ്റവും പുതിയ കോര്‍പറേറ്റ് ഷെയര്‍ഹോള്‍ഡിംഗ് ഫയലിംഗ് പ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്കും അദ്ദേഹത്തിന്റെ അസോസിയേറ്റ്‌സിനും 33 ഓഹരികളിലായി 25,842.3 കോടി രൂപയുടെ നിക്ഷേപമുണ്ട്.

ടൈറ്റന്‍ കമ്പനി, ടാറ്റ മോട്ടോഴ്‌സ്, സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി, മെട്രോ ബ്രാന്‍ഡുകള്‍, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, നസാര ടെക്‌നോളജീസ്, ഫെഡറല്‍ ബാങ്ക്, ഡെല്‍റ്റ കോര്‍പ്, ഡിബി റിയല്‍റ്റി, ടാറ്റ കമ്മ്യൂണിക്കേഷന്‍സ് എന്നിവയുള്‍പ്പെടുന്നതാണ് ഈ ഓഹരികള്‍.

വാച്ച്, ആഭരണ നിര്‍മ്മാതാക്കളായ ടൈറ്റന്‍ കമ്പനിയാണ് അദ്ദേഹത്തിന്റെ ഏറ്റവും മൂല്യവത്തായ ലിസ്റ്റഡ് ഹോള്‍ഡിംഗ്. മൂല്യം 8,830.9 കോടി രൂപ. തൊട്ടുപിന്നില്‍ 4,957.1 കോടിയുമായി സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനിയും 2,391.3 കോടി രൂപ നിക്ഷേപമുള്ള മെട്രോ ബ്രാന്‍ഡ്‌സുമാണുള്ളത്.

ബെയറായിരുന്ന ജുന്‍ജുന്‍വാല ബിഗ് ബുള്ളായി മാറി
ഹര്‍ഷദ് മേത്തയുടെ കാലത്ത്, രാകേഷ് ജുന്‍ജുന്‍വാല ഒരു ബെയറായിരുന്നു.1992ലെ ഹര്‍ഷദ് മേത്ത അഴിമതിക്ക് ശേഷം ഷോര്‍ട്ട് സെല്ലിംഗ് വഴി പണം സമ്പാദിച്ച കാര്യം ഒരു വീഡിയോ അഭിമുഖത്തില്‍, രാകേഷ് ജുന്‍ജുന്‍വാല പറയുന്നുണ്ട്. 1990കളില്‍ ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ സ്ഥാപിത നിക്ഷേപകരുടെ സഖ്യം രൂപപ്പെട്ടു.

രാധാകിഷന്‍ ദമാനിയും രാകേഷ് ജുന്‍ജുന്‍വാലയും ഉള്‍പ്പെടെയുള്ളവര്‍ അനുയായികളായിട്ടുള്ള, ബ്ലാക്ക് കോബ്ര എന്നറിയപ്പെട്ട മനു മനേക്കിന്റെ നേതൃത്വത്തിലായിരുന്നു ആ ബെയര്‍സഖ്യം. പത്രപ്രവര്‍ത്തകയായ സുചേത ദലാല്‍ 1992 ലെ ഹര്‍ഷദ് മേത്ത അഴിമതി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഓഹരി വിപണി തകരുമ്പോള്‍ ഷോര്‍ട്ട് സെല്ലിംഗിലൂടെ പണം വാരുകയായിരുന്നു ഈ മൂവര്‍ സംഘം.

അപൂര്‍വ സംരംഭം: രാകേഷില്‍ നിന്നുള്ള ‘രാ’, രേഖയില്‍ നിന്നുള്ള ‘റെ’
1987ല്‍ രാകേഷ് രാധേശ്യാം ജുന്‍ജുന്‍വാല ഒരു ഓഹരി വിപണി നിക്ഷേപക കൂടിയായ രേഖ ജുന്‍ജുന്‍വാലയെ വിവാഹം കഴിച്ചു. 2003ല്‍, രാകേഷ് ജുന്‍ജുന്‍വാല തന്റെ സ്വന്തം സ്‌റ്റോക്ക് ട്രേഡിംഗ് സ്ഥാപനമായ ‘റെയര്‍’ എന്റര്‍പ്രൈസ്‌ സ്ഥാപിച്ചു. അദ്ദേഹത്തിന്റെയും ഭാര്യ രേഖയുടെയും പേരുകളുടെ ആദ്യ രണ്ട് ഇനീഷ്യലുകളില്‍ നിന്നാണ് ഇത്തരത്തിലുള്ള പേര് സൃഷ്ടിച്ചത്. രാകേഷില്‍ നിന്നുള്ള ‘രാ’; രേഖയില്‍ നിന്ന് ‘റെ’.

വ്യോമയാന മേഖലയിലേയ്ക്കുള്ള പ്രവേശനം
സമര്‍ത്ഥനായ ഈ നിക്ഷേപകന്‍ ഇപ്പോള്‍ വ്യോമയാന രംഗത്ത് പുതിയ ഉയരങ്ങള്‍ കീഴടക്കാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹം സ്ഥാപിച്ച രാകേഷ് ജുന്‍ജുന്‍വാലയുടെ വിമാന കമ്പനിയായ ആകാശ എയര്‍ ആദ്യ ഔദ്യോഗിക സര്‍വീസ് ഓഗസ്റ്റ് ഏഴിന് ആരംഭിച്ചു. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു ആകാശ എയറിന്റെ ബോയിങ് 737 മാക്‌സ് എയര്‍ക്രാഫ്റ്റ് സര്‍വീസ് നടത്തിയത്. എയര്‍ലൈന്‍ ഇന്‍ഡസ്ട്രി തകര്‍ച്ച നേരിടുമ്പോള്‍ ഇങ്ങിനെയൊരു സംരഭത്തിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യം അദ്ദേഹം നേരിട്ടിരുന്നു. എന്നാല്‍ തകര്‍ച്ച താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നായിരുന്നു മറുപടി.

X
Top