തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് പുതിയ ആഗോള ആസ്ഥാനവും(global headquarters) ഗവേഷണ-വികസന കേന്ദ്രവും(R&D center) തുറന്ന് ലോകത്തെ മുൻനിര വാഹന സോഫ്ട്‍വെയർ നിർമാതാക്കളായ ആക്സിയ ടെക്‌നോളജീസ്(Axia Technologies).
ഡിജിറ്റൽ കോക്ക്പിറ്റുകൾ, ഡിസ്പ്ളേകൾ, ഇലക്ട്രിക് ഗതാഗത സംവിധാനങ്ങൾ, ടെലിമാറ്റിക്സ് എന്നിവയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ സവിശേഷ സോഫ്ട്‍വെയറുകൾ നിർമിക്കുന്ന കമ്പനിയുടെ പുതിയ ആസ്ഥാനകേന്ദ്രംടെക്‌നോപാർക് ഫെയ്‌സ് 3യിലെ എംബസി ടോറസ് ടെക്സോണിലാണ് സ്ഥിതിചെയ്യുന്നത്.
വ്യവസായ, നിയമ, കയർ വകുപ്പുകളുടെ മന്ത്രി ശ്രീ. പി. രാജീവ് പുതിയ ഓഫിസ് ഉദ്‌ഘാടനം ചെയ്തു.
മുൻ മന്ത്രിയും നിലവിലെഎംഎൽഎയുമായ ശ്രീ. കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ചു.
കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ വ്യവസായരംഗത്തുൾപ്പെടെ വിവിധ മേഖലകളിൽ വലിയ വളർച്ച കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അടുത്തഘട്ടത്തിൽ, തിരുവനന്തപുരത്തെ ആഗോളവാഹനവിപണിയുടെ സാങ്കേതികഹബ്ബാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
പ്രൗഢഗംഭീരമായ പരിപാടിയിൽ നിർമിതബുദ്ധിയുടെ പ്രായോഗികരൂപമായ (ജനറേറ്റീവ് എ.ഐ) “ലീല”യുടെ ലോഞ്ചും പി. രാജീവ് നിർവഹിച്ചു.
വാഹനസോഫ്ട്‍വെയറുകൾ നിർമിക്കാനായി പ്രത്യേകം രൂപകൽപന ചെയ്ത ആക്‌സിയയുടെ എ.ഐ. കോപൈലറ്റ് ആണ് ലീല. ഒരു സ്പീഡോമീറ്റർ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ സോഫ്ട്‍വെയർ കോഡുകൾ എഴുതാനായിരുന്നു മന്ത്രി പി. രാജീവ് “ലീല”യോട് ഉദ്‌ഘാടനവേളയിൽ ആവശ്യപ്പെട്ടത്.
ഞൊടിയിടയിൽ ആ ദൗത്യം പൂർത്തിയാക്കി ലീല സദസിനെ അത്ഭുതപ്പെടുത്തി.
അതോടെ, ആഗോള വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പുതിയൊരു ചുവടുവെയ്പ്പിന് കേരളം സാക്ഷിയായി.